അറസ്റ്റിലായ 11 പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഒരു മാസം റിമാന്‍ഡില്‍
കൊച്ചി: സംസ്ഥാനത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ), പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ പിടികൂടിയ 11 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. ഇവരെ ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്കു മാറ്റി.
കരമന അഷ്‌റഫ് മൗലവി, സാദിഖ് അഹമ്മദ്, ഷിയാസ്, അന്‍സാരി, മുജീബ്, നജ്മുദ്ദീന്‍, സൈനുദ്ദീന്‍, ഉസ്മാന്‍, യഹിയ തങ്ങള്‍, മുഹമ്മദലി, സുലൈമാന്‍ എന്നിവരെയാണ് അറസ്റ്റ് രേഖപ്പെടുത്തി കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയത്.
അതേസമയം, കസ്റ്റഡിയിലെടുത്ത മറ്റ് 14 പേരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി ഡല്‍ഹിയിലേക്കു കൊണ്ടുപോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ആസിഫ് മിര്‍സ, ഒ.എം.എ.സലാം, അബ്ദു റഹ്‌മാന്‍, പി.കോയ, അനീസ് അഹമ്മദ്, അഫ്‌സര്‍ പാഷ, അബ്ദുല്‍ വാഹിദ്, ജസീര്‍, ഷഫീര്‍, അബൂബക്കര്‍, മുഹമ്മദ് ബഷീര്‍, നാസറുദ്ദീന്‍ എളമരം, മുഹമ്മദലി ജിന്ന, മുഹമ്മദ് ഷാഹിബ് എന്നിവരെയാണ് ഡല്‍ഹിയിലേയ്ക്കു കൊണ്ടുപോകുക.