LocalNEWS

ബസില്‍നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥിയെ തിരിഞ്ഞുനോക്കാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

കുണ്ടറ: ഓടുന്ന ബസില്‍ നിന്നു വിദ്യാര്‍ഥി തെറിച്ചുവീണത് അറിഞ്ഞിട്ടും ബസ് നിര്‍ത്താനോ പരുക്കേറ്റ ആളെ ആശുപത്രിയില്‍ എത്തിക്കാനോ ശ്രമിക്കാതെ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍. വിദ്യാര്‍ഥി പുറത്തേക്കു വീണെന്നു സഹപാഠികള്‍ പറഞ്ഞിട്ടും ബസ് നിര്‍ത്താതെ പോയി. 20 നു വൈകിട്ട് 4.15 നു എഴുകോണ്‍ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അപകടം.

എഴുകോണ്‍ ടെക്‌നിക്കല്‍ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ഥി നാന്തിരിക്കല്‍ ഷീബ ഭവനില്‍ സുനിലിന്‍െ്‌റ മകന്‍ നിഖില്‍ സുനിലി (14) നാണ് പരുക്കേറ്റത്. സ്‌കൂള്‍ വിട്ടശേഷം കൊട്ടാരക്കരയില്‍ നിന്നുള്ള കരുനാഗപ്പള്ളി ബസില്‍ തിരികെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. തിരക്കുള്ള ബസില്‍ നിഖിലും സുഹൃത്തുക്കളും വാതില്‍പടിയില്‍ നിന്ന് യാത്ര ചെയ്യുകയായിരുന്നു. ബസ് വേഗത്തില്‍ വളവു തിരിഞ്ഞപ്പോള്‍ നിഖില്‍ വാതില്‍ തുറന്നു പുറത്തേക്കുവീണു.

വീഴ്ചയില്‍ തലയ്ക്കും മുഖത്തും കാല്‍മുട്ടുകള്‍ക്കും സാരമായി പരുക്കേറ്റു. നിഖില്‍ പുറത്തേക്കു വീണെന്നു പറഞ്ഞിട്ടും ബസ് നിര്‍ത്തിയില്ല. ബഹളം വച്ചപ്പോള്‍ അരകിലോമീറ്ററോളം മാറി ചീരങ്കാവ് ജംക്ഷനില്‍ നിര്‍ത്തി കുട്ടികളെ ഇറക്കിവിട്ടശേഷം ബസ് യാത്ര തുടര്‍ന്നു. കുട്ടി തെറിച്ചു വീഴുന്നതു കണ്ട ബസിനു പിന്നാലെ വന്ന ബൈക്ക് യാത്രികനും എതിരെ വന്ന കൊട്ടാരക്കര പോലീസ് സ്റ്റേഷനിലെ ഹോം ഗാര്‍ഡ് ചീരങ്കാവ് സ്വദേശി സുരേഷ് ബാബുവുമാണ് നിഖിലിനെ ആശുപത്രിയിലെത്തിച്ചത്.

കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില തൃപ്തികരമായതോടെ വീട്ടിലേക്കു വിട്ടു.വീട്ടുകാര്‍ പരാതിയുമായി കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെത്തിയപ്പോള്‍ സംഭവത്തെപ്പറ്റി അറിയില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

Back to top button
error: