NEWS

കൊല്ലം ജില്ലാ ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറിനൽകിയ ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു 

കൊല്ലം: ജില്ലാ ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറിനൽകിയ ഫാർമസിസ്റ്റിനെ സസ്പെൻഡ് ചെയ്തു.
 ഫാർമസിസ്റ്റിനെതിരേ നടപടിയെടുക്കണമെന്നും ആശുപത്രിയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. കൊല്ലം മണ്ഡലം കമ്മിറ്റി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിനെയും നഴ്സിങ് സൂപ്രണ്ടിനെയും ഉപരോധിച്ചതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ 11-നാണ് ആശുപത്രി വാർഡിൽ അഡ്മിറ്റായിരുന്ന രോഗിക്ക് ഫാർമസിസ്റ്റ് മരുന്ന് മാറിനൽകിയത്. രക്തസമ്മർദ്ദത്തിനുള്ള മരുന്നിനുപകരം വേദനസംഹാരിയാണ് നൽകിയത്. ഇത് കണ്ടെത്തിയ നഴ്സ് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.തുടർന്നാണ് ബി.ജെ.പി. പ്രവർത്തകർ ഉപരോധം നടത്തിയത്.
രണ്ടുവർഷം പ്രവൃത്തിപരിചയമുള്ള ഫാർമസിസ്റ്റിനെ നിയമിക്കേണ്ട സ്ഥാനത്ത് യോഗ്യതയില്ലാത്ത ആളുകളെ തിരുകിക്കയറ്റുകയാണെന്ന് ബി.ജെ.പി. പ്രവർത്തകർ പറഞ്ഞു. ആശുപത്രിയിലെ സി.ടി.സ്കാൻ മെഷീൻ ആറുമാസമായി പ്രവർത്തിക്കുന്നില്ല.സ്വകാര്യ സ്കാനിങ് സെന്ററുകളിൽനിന്ന് ഡോക്ടർമാർക്ക് കമ്മിഷൻ നൽകുന്നുണ്ടെന്നും അതിനാലാണ് ആശുപത്രിയിലെ സ്കാനിങ് മെഷീൻ നന്നാക്കാത്തതെന്നും കൊല്ലം മണ്ഡലം ജനറൽ സെക്രട്ടറി പ്രണവ് താമരക്കുളവും ആരോപിച്ചു.

Back to top button
error: