1960 കളുടെ അവസാന കാലം. കോട്ടയത്തു നിന്ന് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മനോരാജ്യം എന്ന വാരിക പ്രചാരം കുറഞ്ഞ് പ്രതിസന്ധിയിലായ സമയം. വാരിക അടച്ചു പൂട്ടുന്നത് ഒഴിവാക്കാൻ എന്ത് ചെയ്യുമെന്ന് ആലോചിക്കുന്നതിന് ഇടയിലാണ് അക്കാലത്തെ ജനപ്രിയ സാഹിത്യകാരനായ കാനം ഇ ജെ മനോരാജ്യം വാരികയിൽ ഒരു കുറ്റാന്വേഷണ നോവൽ പ്രസിദ്ധീകരിക്കുക എന്ന ആശയം മുൻപോട്ട് വെച്ചത്.
നിലവിൽ അക്കാലത്തുണ്ടായിരുന്ന പ്രധാന എഴുത്തുകാർ ആരും ഇതിനു തയ്യാറാകാതെ വന്നപ്പോൾ മനോരാജ്യത്തിന്റെ പത്രാധിപസമിതി അത് ഒരു പുതിയ എഴുത്തുകാരനെക്കൊണ്ട് ചെയ്യിപ്പിക്കാൻ തീരുമാനിച്ചു. അതിന് അനുയോജ്യമായ ഒരാളെ കണ്ടെത്തുന്നതിനായി കാനം ഇ ജെ എന്ന സാഹിത്യകാരനെ തന്നെ അവർ ചുമതലപ്പെടുത്തി.
ഏറെ അന്വഷണത്തിനോടുവിലായാണ് അക്കാലത്ത് ചമ്പക്കുളത്തെ ബി കെ എം ഡിറ്റക്ടീവ് മാഗസിനിൽ സ്ഥിരമായി, അതും വളരെ വ്യത്യസ്തമായ ശൈലിയിൽ അപസർപ്പക കൃതികൾ എഴുതിയിരുന്ന ഒരു എഴുത്തുകാരെനെക്കുറിച്ച് അദ്ദേഹം അറിഞ്ഞത്. അദ്ദേഹം നേരിട്ട് തന്നെ ആ യുവാവിനെ കണ്ടുപിടിച്ച് വിഷയം അവതരിപ്പിച്ചു.
1968 ൽ അങ്ങനെ മനോരാജ്യം എന്ന വാരികയിൽ ചുവന്ന മനുഷ്യൻ എന്ന കുറ്റാന്വേഷണ നോവൽ പ്രസിദ്ധീകരണം ആരംഭിച്ചു. അതോട് കൂടി മനോരാജ്യം വാരികയുടെ തലവര തന്നെ മാറി.അടച്ചുപൂട്ടലിന്റെ വക്കിൽ നിന്നിരുന്ന വാരികയുടെ കോപ്പികൾ ചൂടപ്പം പോലെയാണ് വിറ്റുപോകാൻ തുടങ്ങിയത്. പിന്നീട് മലയാള കുറ്റാന്വേഷണ സാഹിത്യത്തിൽ നാഴികക്കല്ലായി മാറിയ ചുവന്ന മനുഷ്യൻ എന്ന ആ നോവൽ മലയാളിയുടെ വായനാശീലത്തെ മുഴുവനായി തന്നെ ഉടച്ചു വാർക്കുകയായിരുന്നു.
മനോരാജ്യം വാരികയിൽ ചുവന്ന മനുഷ്യൻ എന്ന നോവൽ വന്നതോടെ ജനപ്രിയനായി മാറുകയും പിന്നീട് ഉണ്ടായിരുന്ന മൂന്ന് പതിറ്റാണ്ടുകൾ അപസർപ്പക സാഹിത്യ മേഖലയെ അടക്കി വാണിരുന്ന എഴുത്തുകാരനായിരുന്നു കോട്ടയം പുഷ്പനാഥ് എന്ന തൂലിക നാമത്തിൽ അറിയപ്പെട്ട പുഷ്പനാഥൻ പിള്ള . അദ്ദേഹത്തിന് അപസർപ്പക കൃതികളുടെ തമ്പുരാൻ എന്നൊരു വിശേഷണം കൂടിയുണ്ടായിരുന്നു. ഒരു ചരിത്ര അധ്യാപകനായതിനാല്‍ ഓരോ രാജ്യങ്ങളുടെയും ഭൂമിശാസ്ത്രത്തെപ്പറ്റി അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. അത് അദ്ദേഹത്തിന്റെ എഴുത്തിനെ വളരെയധികം സഹായിച്ചിട്ടുമുണ്ട്. കാർപ്പാത്തിയൻ മലനിരകളും അവിടുത്തെ കോട്ടയുമൊക്കെ അതിൽ ചില ഉദാഹരണങ്ങൾ മാത്രം.
കോട്ടയം പുഷ്പനാഥ് എന്ന പേര് ഇപ്പോഴത്തെ തലമുറയ്ക്ക് വലിയ പരിചയം കാണില്ല.എന്നാൽ
ഹാഫ് എ കൊറോണയും ഡിക്റ്ററ്റീവ്
മാക്സിനെയും പുഷ്പരാജിനെയുമൊന്നും അത്ര പെട്ടെന്ന് മറക്കാനാകില്ല ഇന്നും പലർക്ക്. 70-കളുടെ തുടക്കം മുതൽ 90-കളുടെ ആദ്യ
പകുതി വരെ മലയാളികള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത പേരുകളാണ് ഡിക്ടറ്റീവ് മാക്‌സിനും ഡിക്ടറ്റീവ് പുഷ്പരാജും !
കോട്ടയം പുഷ്പനാഥിൽ നിന്ന് വായന തുടങ്ങിയ ധാരാളം മലയാളികൾ ഉണ്ട്. ബുദ്ധിജീവി പത്രങ്ങളും മാസികളും അദ്ദേഹത്തെ പാടെ അവഗണിച്ചെങ്കിലും
വായനക്കാർ അദ്ദേഹത്തിനോടൊപ്പം എന്നുമുണ്ടായിരുന്നു.ഇന്നും വായനക്കാരുടെ മനസ്സിൽ അദ്ദേഹത്തിന് സ്ഥാനമുണ്ടെന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു അമ്പതു വർഷങ്ങൾക്കു ശേഷം റീപ്രിന്റ് ചെയ്ത അദ്ദേഹത്തിന്റെ ആദ്യ നോവലായിരുന്ന ചുവന്ന മനുഷ്യന്റെ അതിഗംഭീര വിജയം!
ശേഷം അദ്ദേഹത്തിന്റെ എത്രയോ നോവലുകൾ കൊച്ചുമകനായ റയാൻ പുഷ്പനാഥ് “കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻസ്” എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നു.എല്ലാം വമ്പിച്ച വിജയങ്ങൾ നേടിയവ!
കോട്ടയം പുഷ്പനാഥ് എന്ന തൂലികാനാമത്തിലുടെയാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നതെങ്കിലും യഥാർത്ഥ പേര്: സി ജി സക്കറിയ എന്നായിരുന്നു. (ജനനം: 1938, മരണം: മേയ് 2, 2018).