അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായിയും എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ തിരയുന്ന മയക്കുമരുന്ന് കടത്തുകേസിലെ പ്രതിയുമായ കൈലാഷ് രാജ്പുത് അയര്‍ലന്‍ഡില്‍ ഇന്റര്‍പോള്‍ കസ്റ്റഡിയില്‍.
മുംബൈ പൊലീസിന്റെ ആന്റി നാര്‍കോടിക് സെല്‍, നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ, ദേശീയ അന്വേഷണ ഏജന്‍സി, ഇന്‍ഡ്യന്‍ കസ്റ്റംസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് എന്നിവയുള്‍പ്പെടെ നിരവധി എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ തിരയുന്ന മയക്കുമരുന്ന് കടത്തുകേസിലെ പ്രതിയാണ് കൈലാഷ് രാജ്പുത്. ഡെല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ആയ ഇന്റര്‍പോള്‍ അയര്‍ലന്‍ഡില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
വ്യാജ പാസ്പോര്‍ട്ടിലാണ് രാജ്പുത് യാത്ര ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ കൈമാറല്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് കൈലാഷ് രാജ്പുതുമായി ബന്ധപ്പെട്ട കേസിനെ കുറിച്ചുള്ള സമഗ്രമായ വിവരണവും മുംബൈ പൊലീസ് പങ്കിട്ടു.
2017ല്‍ ഡെല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് 40 കോടി രൂപ വിലമതിക്കുന്ന അഞ്ചു കിലോ സിന്തറ്റിക് മയക്കുമരുന്നായ മെതാംഫെറ്റാമൈന്‍ കൊറിയര്‍ വഴി കടത്താന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് രാജ്പുതിനെ ഡെല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.
2012 ഒക്ടോബറില്‍ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ്, ഭക്ഷണ പാക്കറ്റുകളില്‍ ഒളിപ്പിച്ച 15 കിലോ നിരോധിത മെതാക്വലോണ്‍ സെഡേറ്റിവ് ഹിപ്നോട്ടിക് മരുന്നുമായി ഇയാളെ ആദ്യം അറസ്റ്റ് ചെയ്തിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
യു.എ.ഇ, യു.കെ, ജര്‍മനി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയുന്ന അധോലോക സംഘം ദാവൂദ് ഇബ്രാഹിമിന്റെ ഇളയ സഹോദരന്‍ അനീസ് ഇബ്രാഹിമിനൊപ്പം മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്നത് രജ്പുത് ആണെന്നും പറയപ്പെടുന്നു.
2014ല്‍ രാജ്യം വിട്ട രാജ്പുത് യു.എ.ഇയില്‍ താമസിക്കുകയും അവിടെ നിന്നും യു.കെയിലേക്കും ജര്‍മനിയിലേക്കും വ്യാജ പാസ്പോര്‍ട്ടില്‍ പതിവായി യാത്ര ചെയ്യാറുണ്ടെന്നും പൊലീസ് പറഞ്ഞു.