തിരുവനന്തപുരം : കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം.
എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് നെഹ്റു കുടുംബത്തിന്റെ നോമിനിയായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കാൻ തന്നെയാണ് കേരള ഘടകത്തിന്റെ നീക്കം.
കോണ്‍ഗ്രസില്‍ ചേര്‍ന്ന് 14 വര്‍ഷമായിട്ടും പാര്‍ട്ടിക്കുള്ളില്‍ കാര്യമായ പിന്തുണ നേടാൻ ഇനിയും ശശി തരൂരിന് കഴിഞ്ഞിട്ടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പൊതു സമൂഹത്തിലും രാജ്യാന്തര നയതന്ത്ര മേഖലയിലും തനിക്കുള്ള സ്വീകാര്യതയാണ് ഇന്നും അദ്ദേഹത്തിന്റെ കൈമുതല്‍.
മൂന്ന് തവണ ലോക് സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചുവെങ്കിലും കേരളത്തിൽ പ്രാദേശിക നേതൃത്വത്തിനു പോലും സ്വീകാര്യന്‍ അല്ലാത്ത നേതാവായ ശശി തരൂരിനെ പാര്‍ട്ടി തിരഞ്ഞെടുപ്പിൽ പിന്തുണക്കേണ്ടതില്ലെന്ന് സംസ്ഥാന നേതൃത്വം ധാരണയില്‍ എത്തിക്കഴിഞ്ഞു.
അദ്ദേഹം നേതൃത്വത്തില്‍ ഉണ്ടായിരുന്ന വിമത സംഘം ജി -23 യും ഈ മത്സരത്തില്‍ തരൂരിനൊപ്പം ഇല്ല. സംഘത്തിലെ മനീഷ് തിവാരിയും അടുത്ത മാസം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കച്ച മുറുക്കുകയാണെന്നാണ് വിവരം.
ജനാധിപത്യപരമായ മത്സരത്തെ പിന്തുണക്കുന്നുവെന്നു അവകാശപ്പെടുമ്ബോഴും തങ്ങള്‍ക്ക് നേരെ ഉയരുന്ന വിമത ശബ്ദങ്ങളെ ഉള്‍ക്കൊള്ളാനുള്ള ഹൃദയ വിശാലത നെഹ്റു കുടുംബത്തിന് ഉണ്ടാകാന്‍ സാധ്യത കുറവാണ്. ജ്യോതിരാദിത്യ സിന്ധ്യ മുതല്‍ ഗുലാം നബി ആസാദ് വരെയുള്ള ഒന്നാം നിര നേതാക്കള്‍ അപമാനിതനായി പാര്‍ട്ടി വിടാനുണ്ടായ കാരണം പോലും വിമതസ്വരം സംശയിച്ച് രാഹുല്‍ ഗാന്ധി അവര്‍ക്ക് നേരെ പുലര്‍ത്തിയ നിസംഗ സമീപനമാണ്.അങ്ങനെയെങ്കിൽ ശശി തരൂരും കോൺഗ്രസ് വിടാനാണ് സാധ്യത.