ഛണ്ഡീഗഡ്: പഞ്ചാബിലെ ഫഗ്വാരയിലുള്ള ലൗലി പ്രഫഷനല്‍ സര്‍വകലാശാലയില്‍ (എല്‍.പി.യു) മലയാളി വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെ സര്‍വകലാശാലയില്‍ വന്‍ പ്രതിഷേധം. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് ചൊവ്വാഴ്ച രാത്രി മുതല്‍ മറ്റു വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയത്. 10 ദിവസത്തിനിടെ സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയാണ് ഇതെന്നു പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് മലയാളി വിദ്യാര്‍ഥിയായ അഗ്‌നി എസ്. ദിലീപി(21)നെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സര്‍വകലാശാലയിലെ ഒന്നാംവര്‍ഷ ബി.ഡിസൈന്‍ വിദ്യാര്‍ഥിയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നു സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പു ലഭിച്ചതായി കപൂര്‍ത്തല പോലീസ് അറിയിച്ചു.
”എല്‍.പി.യുവിലെ ബി. ഡിസൈനിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ചൊവ്വാഴ്ച ഉച്ചയോടെ ആത്മഹത്യ ചെയ്തു. പ്രഥമദൃഷ്ട്യാ വിദ്യാര്‍ഥിക്ക് ചില വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ഫഗ്വാര ഡിഎസ്പി പറഞ്ഞു. ആത്മഹത്യക്കുറിപ്പു ലഭിച്ചിട്ടുണ്ട്.” കപൂര്‍ത്തലയിലെ പോലീസ് ട്വീറ്റ് ചെയ്തു.
സമാനമായ കാരണം ചൂണ്ടിക്കാണിച്ച് സര്‍വകലാശാലയും പ്രസ്താവന ഇറക്കി. ”നിര്‍ഭാഗ്യകരമായ സംഭവത്തില്‍ സര്‍വകലാശാല ദുഃഖിതരാണ്. പോലീസിന്റെ പ്രാഥമിക അന്വേഷണവും ആത്മഹത്യാ കുറിപ്പിലെ ഉള്ളടക്കവും മരിച്ചയാളുടെ വ്യക്തിപരമായ പ്രശ്നങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കൂടുതല്‍ അന്വേഷണത്തിന് അധികാരികള്‍ക്ക് സര്‍വകലാശാല പൂര്‍ണപിന്തുണ നല്‍കുന്നു.” സര്‍വകലാശാല പ്രസ്താവനയില്‍ പറഞ്ഞു.
മുന്‍പുനടന്ന ആത്മഹത്യ സര്‍വകലാശാല അധികൃതര്‍ മറുവച്ചെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. രണ്ട് മരണങ്ങളുടെയും പിന്നിലെ കാരണം വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.