IndiaNEWS

സ്വത്ത് കൈക്കലാക്കി ഡോക്ടറായ മകന്‍ ഇറക്കിവിട്ടു; ദയാവധം തേടി വയോധിക ദമ്പതിമാര്‍

ചെന്നൈ: സ്വത്ത് കൈക്കലാക്കിയശേഷം വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ട വയോധികരായ ദമ്പതിമാര്‍ ദയാവധം അനുവദിക്കണമെന്നാവിശ്യപ്പെട്ട് കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തി. മൈലാടുതുറൈ കോടങ്ങുടി വില്ലേജിലെ തങ്കസ്വാമി (85) ഭാര്യ ശാരദാംബാള്‍ (80) എന്നിവരാണ് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനെത്തുടര്‍ന്ന് മൈലാടുതുറൈ കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയത്. ഒടുവില്‍ കലക്ടര്‍ നേരിട്ടെത്തി ദമ്പതിമാരുമായി സംസാരിച്ചു. പരാതി സ്വീകരിച്ച കലക്ടര്‍ ദമ്പതിമാര്‍ക്ക് താമസിക്കാന്‍ പകരം സ്ഥലം ഒരുക്കാനും വീട്ടില്‍നിന്ന് ഇറക്കിവിട്ട മക്കള്‍ക്ക് എതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു.

തങ്കസ്വാമിക്കും ശരദാംബാളിനും നാല് മക്കളാണുള്ളത്. 2009-ല്‍ തന്നെ ഭൂമിയുടെ നല്ലൊരു ഭാഗവും നാല് മക്കള്‍ക്കായി എഴുതി നല്‍കിയിരുന്നു. താമസിക്കുന്ന വീടും കുറച്ച് കൃഷി സ്ഥലവുമാണ് തങ്കസ്വാമിയുടെയും ഭാര്യയുടെയും പേരിലുണ്ടായിരുന്നത്. ശരദാംബാളിന് രോഗം ബാധിച്ചപ്പോള്‍ മൂത്ത മകനും ഡോക്ടറുമായ ഉത്തരാപതിയില്‍നിന്ന് ചികിത്സിക്കാനായി പണം കടം വാങ്ങിയിരുന്നു. ഇതിന് പ്രതിഫലമായി വീടും കൃഷി സ്ഥലവും എഴുതിവാങ്ങിയെന്നും തങ്കസ്വാമി കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് മൂന്ന് ആഴ്ച മുമ്പ് വീട്ടില്‍നിന്ന് ഇറക്കി വിട്ടു. മറ്റ് മൂന്ന് മക്കളെ സമീപിച്ചെങ്കിലും മാതാപിതാക്കളെ സ്വീകരിക്കാന്‍ തയ്യാറായില്ല. സംഭവത്തില്‍ പെരമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയയെങ്കിലും നടപടിയെടുത്തില്ല.

മൂന്ന് ആഴ്ചയോളം കടകളുടെ വരാന്തയിലും ബസ് സ്റ്റോപ്പുകളിലുമായാണ് ദമ്പതിമാര്‍ താമസിച്ചിരുന്നത്. പോലീസ് നടപടിയെടുക്കിന്നില്ലെന്ന് ബോധ്യമായയോടെ ദയവധത്തിന് അനുവദിക്കണമെന്നാവിശ്യപ്പെട്ടായിരുന്നു കലക്ട്രേറ്റിന് മുന്നില്‍ ധര്‍ണ നടത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ ആര്‍.ഡി.ഒക്ക് കളക്ടര്‍ ഉത്തരവ് നല്‍കി. പോലീസിനോടും ദമ്പതിമാരുടെ പരാതിയില്‍ എടുത്ത നടപടിയെ കുറിച്ച് വിശദീകരണം തേടിയിട്ടുണ്ട്.

 

 

 

 

 

 

Back to top button
error: