ഹീറോ മോട്ടോർകോർപ്പ് കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌പ്ലെൻഡർ പ്ലസ് കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ പുതിയ സിൽവർ നെക്‌സസ് ബ്ലൂ കളർ സ്‍കീമിൽ അവതരിപ്പിച്ചു. പുതിയ ഹീറോ സ്‌പ്ലെൻഡർ പ്ലസ് സിൽവർ നെക്‌സസ് ബ്ലൂ കളർ വേരിയന്റിന് 72,978 രൂപയാണ് ദില്ലി എക്‌സ് ഷോറൂം, വില. മറ്റ് സ്റ്റാൻഡേർഡ് കളർ മോഡലുകളെ അപേക്ഷിച്ച് ഏകദേശം 1000 രൂപ വില കൂടുതലാണ്. മാറ്റ് ഷീൽഡ് ഗോൾഡ്, ബ്ലാക്ക് വിത്ത് പർപ്പിൾ, ബ്ലാക്ക് വിത്ത് സിൽവർ, ബ്ലാക്ക് വിത്ത് സ്‌പോർട്‌സ് റെഡ്, ഹെവി ഗ്രേ വിത്ത് ഗ്രീൻ എന്നിങ്ങനെ അഞ്ച് പെയിന്റ് ഓപ്ഷനുകളിലും ബൈക്ക് മോഡൽ ലൈനപ്പ് ലഭ്യമാണ്.
പുതിയ ഹീറോ സ്‌പ്ലെൻഡർ പ്ലസ് സിൽവർ നെക്‌സസ് ബ്ലൂ കളർ വേരിയന്റിൽ സൈഡ് പാനലുകളിലും ഇന്ധന ടാങ്കിലും നീല ഗ്രാഫിക്‌സ് ഉണ്ട്. സ്‌പ്ലെൻഡർ പ്ലസ് എക്‌സ്‌ടെക്കിൽ നമ്മൾ കണ്ടതുപോലെ ബ്ലാക്ക്‌ഡ്-ഔട്ട് അലോയ് വീലുകളും ഇതിന്റെ സവിശേഷതയാണ്. ബൈക്കിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ഹീറോ സ്‌പ്ലെൻഡർ പ്ലസ് 97.2 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫ്യൂവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ ഉപയോഗിക്കുന്നു. അത് 8,000 ആർപിഎമ്മിൽ 7.9 ബിഎച്ച്‌പി പവറും 6,000 ആർപിഎമ്മിൽ 8.05 എൻഎം പീക്ക് ടോർക്കും പുറപ്പെടുവിക്കുന്നു. ഹീറോയുടെ i3S ഐഡിൽ സ്റ്റാർട്ട്/സ്റ്റോപ്പ് സിസ്റ്റം ഉപയോഗിച്ച് മോട്ടോർ ബൂസ്റ്റ് ചെയ്തിട്ടുണ്ട്. നാല് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാൻസ്‍മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. ബൈക്കിന്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ സ്പ്രിംഗ്-ലോഡഡ് ഷോക്ക് അബ്സോർബറുകളും ഉൾപ്പെടുന്നു. ഇരുവശത്തുമുള്ള ഡ്രം ബ്രേക്കുകളിൽ നിന്നാണ് ബ്രേക്കിംഗ് പവർ വരുന്നത്. കൂടാതെ ഇത് ഒരു സംയോജിത ബ്രേക്കിംഗ് സിസ്റ്റത്തിലും ലഭ്യമാണ്. 100 സിസി ബൈക്ക് സെഗ്‌മെന്റിൽ, ടിവിഎസ് റേഡിയൻ, ബജാജ് സിടി 110, ഹോണ്ട സിഡി 110 ഡ്രീം എന്നിവയെ ഹീറോ സ്‌പ്ലെൻഡർ പ്ലസ് നേരിടുന്നു.
കമ്പനിയില്‍ നിന്നുള്ള മറ്റ് വാര്‍ത്തകളില്‍ , 2022 ഒക്‌ടോബർ 7-ന് ആഭ്യന്തര ഇരുചക്രവാഹന നിർമ്മാതാവ് അതിന്റെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്. ഈ മോഡൽ ഹീറോയുടെ പുതിയ വിഡ സബ്-ബ്രാൻഡിന് കീഴിലായിരിക്കും. അതിന്റെ വില ഏകദേശം ഒരു ലക്ഷം രൂപയായിരിക്കും. കമ്പനിയുടെ ജയ്പൂർ ആസ്ഥാനമായുള്ള സെന്റർ ഓഫ് ഇന്നവേഷൻ ആൻഡ് ടെക്നോളജിയിലെ ആർ ആൻഡ് ഡി ഹബ്ബിലാണ് പുതിയ ഹീറോ ഇലക്ട്രിക് സ്‍കൂട്ടർ വികസിപ്പിച്ചിരിക്കുന്നത്. ബജാജ് ചേതക്, ടിവിഎസ് iQube എന്നിവയ്‌ക്കെതിരെയും ഇത് മത്സരിക്കും.