IndiaNEWS

മഹാരാഷ്ട്ര പഞ്ചായത്ത് തെരഞ്ഞെടുപ്പ് തൂത്തുവാരി ബി.ജെ.പി സഖ്യം

മുംബൈ: മഹാരാഷ്ട്രയിലെ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി-ശിവസേന (ഷിന്‍ഡെ) സഖ്യത്തിനു വമ്പന്‍ വിജയം. തെരഞ്ഞെടുപ്പ് നടന്ന 547 ഗ്രാമപഞ്ചായത്തുകളില്‍ 259 ഇടത്ത് ബി.ജെ.പി പിന്തുണച്ച സ്ഥാനാര്‍ഥികളും 40 ഇടത്ത് ഷിന്‍ഡെ വിഭാഗം പിന്തുണച്ചവരും വിജയിച്ചു. 16 ജില്ലകളില്‍ മികച്ച വിജയമാണ് സഖ്യം നേടിയതെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവാന്‍കുളെ അവകാശപ്പെട്ടു.

ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 76 ശതമാനമായിരുന്നു വോട്ടിങ് നില. തിങ്കളാഴ്ചയായിരുന്നു വോട്ടെണ്ണല്‍. പാര്‍ട്ടികള്‍ നേരിട്ടുള്ള മത്സരമല്ലെങ്കിലും രാഷ്ട്രീയ കക്ഷികളുടെ പിന്തുണ വിജയത്തിനു നിര്‍ണായകമായിരുന്നു. ഗ്രാമമുഖ്യന്മാരെ (സര്‍പഞ്ച്) തെരഞ്ഞെടുക്കാന്‍ നേരിട്ടായിരുന്നു വോട്ടെടുപ്പ്.

Signature-ad

ആകെ വിജയിച്ചവരില്‍, പുതുതായി തെരഞ്ഞെടുക്കപ്പെട്ട 50 ശതമാനത്തിലേറെ പേരും ബി.ജെ.പി സഖ്യത്തെ പിന്തുണയ്ക്കുന്നവരാണ്. ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പുഫലം ഏക്‌നാഥ് ഷിന്‍ഡെ ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാരിനോടുള്ള ജനവിശ്വാസത്തിനുള്ള തെളിവാണെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി. ശിവസേനയിലെ വിമതരുടെ പിന്തുണയോടെ കഴിഞ്ഞ ജൂണ്‍ അവസാനമാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിച്ച് ഷിന്‍ഡെ-ഫഡ്‌നാവിസ് സര്‍ക്കാര്‍ അധികാരം പിടിച്ചെടുത്തത്.

 

Back to top button
error: