NEWS

ജയിന്‍ ഹവാല കേസിലെ മുഖ്യപ്രതി; കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി ദേശാഭിമാനി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി.വിലപേശിക്കിട്ടിയ പദവിയില്‍ മതിമറന്ന് ആടുകയാണ് ഗവര്‍ണറെന്ന് ദേശാഭിമാനി ആരോപിച്ചു.

എന്നും പദവിക്ക് പിന്നാലെ പോയ വ്യക്തിയാണ് ആരിഫ് മുഹമ്മദ് ഖാനെന്നും, നിലപാട് വിറ്റാണ് ബിജെപിയിലെത്തിയതെന്നും ലേഖനത്തില്‍ പറയുന്നു. ചൗധരി ചരണ്‍സിങ്ങിന്റെ ഭാരതീയ ക്രാന്തി ദളിലായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ തുടക്കം. 1977ല്‍ ആ പാര്‍ടി ജനതാ പാര്‍ടി ആയപ്പോള്‍ അവരുടെ സ്ഥാനാര്‍ത്ഥിയായി 26-ാം വയസ്സില്‍ എംഎല്‍എ ആയി.

മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിനാണ്‌ സാധ്യതയെന്ന്‌ വന്നതോടെ അങ്ങോട്ടുമാറി.1980ലും 1984ലും കോണ്‍ഗ്രസിന്റെ എംപിയായി. വിവാഹമോചിതരാകുന്ന മുസ്ലിം യുവതികള്‍ക്ക് ജീവനാംശത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന സുപ്രീംകോടതി വിധിക്കെതിരെ 1986ല്‍ രാജീവ്‌ ഗാന്ധി നിയമം കൊണ്ടുവന്നപ്പോള്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ്‌ വിട്ടു.

Signature-ad

തുടര്‍ന്ന് വിപി സിങ്ങിന്റെ ജനതാദളില്‍ എത്തി. 1989-ല്‍ ദളിന്റെ എംപിയായി. ജനതാദള്‍ സര്‍ക്കാരില്‍ വ്യോമയാനമന്ത്രിയായി. ഇതിനിടെ, ജയിന്‍ ഡയറി കേസില്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്റെ പേരുവന്നു. 1988 മെയ്‌ മുതല്‍ 1991 ഏപ്രില്‍വരെ ആരിഫ്‌ മുഹമ്മദ്‌ ഖാന്‌ 7.63 കോടി രൂപ ഹവാല ഇടപാടിലൂടെ ലഭിച്ചെന്നായിരുന്നു സിബിഐ കുറ്റപത്രം. 1998-ല്‍ ബഹുജന്‍ സമാജ് വാദി പാര്‍ടിയില്‍ ചേര്‍ന്നു. പിന്നീട്‌ ബിഎസ്‌പി വിട്ട്‌ രാംവിലാസ്‌ പസ്വാന്റെ ലോക്‌ ജനശക്തി പാര്‍ട്ടിയില്‍ ചേര്‍ന്നു. വീണ്ടും മലക്കംമറിഞ്ഞാണ്‌ 2004ല്‍ ബിജെപിയില്‍ എത്തിയത്‌.

 

 പദവികള്‍ ഇല്ലാതായതോടെ ആരിഫ് മുഹമ്മദ് ഖാന്‍ 2007ല്‍ ബിജെപി വിട്ടു. പിന്നീട് യുപി നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം വീണ്ടും ബിജെപിയിലെത്തി.

ജയിന്‍ ഹവാല കേസിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് മറ്റൊരു ലേഖനത്തില്‍ ദേശാഭിമാനി വ്യക്തമാക്കുന്നു.

 

 

ജയിന്‍ ഹവാല ഇടപാടില്‍ ഏറ്റവും കൂടുതല്‍ പണം കൈപ്പറ്റിയ രാഷ്‌ട്രീയ നേതാവ് ആരിഫ്‌ മുഹമ്മദ്‌ ഖാനാണ്‌. 7.63 കോടി രൂപയാണ്‌ പല തവണകളിലായി വാങ്ങിയത്‌. ഉന്നത ഇടപെടലുകളെത്തുടര്‍ന്ന്‌ കേസ്‌ അട്ടിമറിക്കപ്പെട്ടു. ഇത്തരത്തില്‍ ഹവാല അഴിമതി ആരോപണം നേരിട്ടയാളാണ് ഒരു അഴിമതിയിലും ഉള്‍പ്പെടാത്ത ഇടതുപക്ഷത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്ന് ലേഖനം കുറ്റപ്പെടുത്തുന്നു.

Back to top button
error: