അസാധാരണ വാര്‍ത്താസമ്മേളനം നടത്തി മുഖ്യമന്ത്രി പിണറായി വിജയനേയും എല്‍.ഡി.എഫ് സര്‍ക്കാരിനേയും മുള്‍മുനയില്‍ നിര്‍ത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാവ് എ.കെ ബാലനും രംഗത്ത്.
ഗവർണർക്ക് ആർഎസ്എസിനോട് വിധേയത്വമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശ ആശയത്തെ പുച്ഛിക്കുന്നെങ്കിൽ ഗവർണർക്ക് ജനാധിപത്യത്തെയും പുച്ഛിക്കേണ്ടിവരും. ഗവർണർ പദവിയിലിരുന്ന് എന്തും പറയരുത്. ഗവർണറുടേത് ഭരണഘടനാ പദവിയാണ്, അദ്ദേഹം തരംതാണ് സംസാരിക്കരുതെന്നും മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.
ഏത് വർഗീയതയും നാടിന് ആപത്താണ്. വ്യക്തിപരമായ പല ആശയങ്ങളുമുണ്ടാകാം പക്ഷെ ചരിത്രം ഉൾക്കൊള്ളാൻ ഗവർണർ തയ്യാറാകണം. കേരളത്തിൽ ജനങ്ങളെ കയ്യൂക്ക് കൊണ്ട് ഏതെങ്കിലും പക്ഷത്ത് ആക്കാം എന്ന് ധരിക്കരുത്. ആരിഫ് മുഹമ്മദ് ഖാന് രാഷ്ട്രീയ ആഭിമുഖ്യമുണ്ടാകാം. ഗവർണർ പദവിയിലിരുന്ന് ആ രാഷ്ട്രീയം പറയരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇ എം എസ് അധികാരത്തിൽ വന്നത് കയ്യൂക്ക് കൊണ്ടല്ല.മനുഷ്യത്യഹീനമായ ഒട്ടേറെ ആക്രമണങ്ങളാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഒരു കാലത്ത് കേരളത്തിൽ അനുഭവിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
ഗവര്‍ണര്‍ മലര്‍ന്നുകിടന്ന് തുപ്പുകയാണെന്ന് പറഞ്ഞ എ.കെ ബാലൻ ഇത്രയും പരിഹാസ്യമായ ഒരു വാര്‍ത്താസമ്മേളനം ഉയര്‍ന്ന ഭരണഘടനാസ്ഥാപനത്തിന്റെ ഭാഗത്തുനിന്നുണ്ടാകാന്‍ പാടില്ലെന്നും ഇതെല്ലാം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിയെ അറിയിക്കണമെന്നും പറഞ്ഞു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്തോ തെളിവുമായി വന്ന് ഗവര്‍ണര്‍ അത്ഭുതം സൃഷ്ടിക്കാന്‍ പോവുകയാണെന്നാണ് വിചാരിച്ചത്. കണ്ണൂര്‍ വി സി പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഭരണാഘടവിരുദ്ധമായി മുഖ്യമന്ത്രി ഇടപെട്ടു, അതിന്റെ രേഖയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ ഏത് രേഖയാണ് അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കിയത്? വി.സി പുനര്‍നിയമനത്തിന്റെ നിയമസാധുത സംബന്ധിച്ച് മുഖ്യമന്ത്രി അഡ്വകറ്റ് ജനറലിനോട് നിയമോപദേശം തേടി. ആ ഉപദേശം ഗവര്‍ണര്‍ക്ക് കൈമാറി. അത് എങ്ങനെ ഭരണഘടനാവിരുദ്ധമാകും എന്നും ബാലന് ചോദിച്ചു.
നിയമവ്യവസ്ഥയ്ക്ക് വിരുദ്ധമായിരുന്നു പുനര്‍നിയമനമെങ്കില്‍ എന്തിനാണ് ഗവര്‍ണര്‍ നിയമനം അംഗീകരിച്ചുകൊടുത്തത്. അങ്ങനെയാണെങ്കില്‍ ആരാണ് കുറ്റക്കാരന്‍. ഹൈക്കോടതിയുടെ ഡിവിഷന് ബെഞ്ചും ഫുള്‍ബെഞ്ചും ഇക്കാര്യത്തില്‍ യാതൊരു നിയമപ്രശ്നവുമില്ലെന്ന് പറഞ്ഞിട്ടും ഗവര്‍ണറുടെ സംശയം തീരുന്നില്ലെന്നും ബാലന് ചൂണ്ടിക്കാട്ടി.
തന്നെ ആക്രമിക്കുന്നവര്‍ക്ക് സഹായം നല്കാന് കെ കെ രാഗേഷ് പൊലീസിനെ തടഞ്ഞു എന്നതായിരുന്നു ഗവര്‍ണറുടെ വാദം. അങ്ങനെയാണെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടേണ്ടേ.
വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പ്രദർശിപ്പിച്ച വീഡിയോയില്‍ രാഗേഷ് അന്തസ്സോട് കൂടിയല്ലേ വേദിയിലിരുന്നത്. പുറത്തുവന്ന് മുദ്രാവാക്യം വിളിക്കുന്നവരെയാണ് രാഗേഷ് തടഞ്ഞത്. അല്ലാതെ പൊലീസിനെ തടയുന്ന ഏതെങ്കിലും ദൃശ്യം കാണിക്കാന്‍ കഴിയുമോ എന്നും എ കെ ബാലന് ചോദിച്ചു.