മലപ്പുറം: വിവാദ പ്രസംഗങ്ങളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജിയെ പാണക്കാട്ടേക്ക് വിളിപ്പിച്ചു. രാവിലെ പത്തരയ്ക്ക് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിലെത്താനാണ് ഷാജിക്ക് നിര്‍ദേശം കിട്ടിയത്. പി.എം.എ. സലാമും ആബിദ് ഹുസൈന്‍ തങ്ങളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കും.
ഷാജിയുടെ ചില പ്രസംഗങ്ങളും പ്രസ്താവനകളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയെന്നു ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇടതുപക്ഷവുമായി ഒരു രീതിയിലും സഹകരണം വേണ്ടെന്നു പാര്‍ട്ടിയുടെ ഉറച്ച നിലപാടാണ്. എന്നാല്‍, ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നതയുണ്ടെന്നു വരുത്താന്‍ ഷാജി മനപ്പൂര്‍വം ശ്രമിക്കുന്നു. ഇത്തരം നിലപാടുകള്‍ തിരുത്താന്‍ നേതൃത്വം ഇടപെടണമെന്നു ചില അംഗങ്ങള്‍ ആവശ്യപ്പെട്ടു.
വിമര്‍ശനങ്ങള്‍ പൊതുവേദിയില്‍ പറഞ്ഞ കെ.എം.ഷാജിയോട് വിശദീകരണം തേടുമെന്ന് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു. പരസ്യമായ അഭിപ്രായ പ്രകടനം ശരിയല്ല. വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി വേദികളിലാണെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.