CrimeNEWS

കാരംസ് ക്ലബിന്റെ മറവില്‍ എംഡിഎംഎ വില്‍പ്പന; ‘ബാഗു’ പിടിയില്‍, മാഫിയ തലവനായി അന്വേഷണം

കോഴിക്കോട്: സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പൊലീസിന്റെ പിടിയിലായി. കക്കോടി മുക്ക് സ്വദേശിയായ ബാഗു എന്ന പേരിൽ അറിയപ്പെടുന്ന കുന്നത്ത് പടിക്കൽ ബിനേഷ് (37) ആണ് നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പി. പ്രകാശന്‍റെ നേതൃത്വത്തിലുള്ള ഡൻസാഫും നടക്കാവ് പൊലീസും ചേർന്ന് പിടികൂടിയത്. പ്രതിയിൽ നിന്നും മൂന്ന് ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

വിദ്യാർത്ഥികളെ ആകർഷിക്കാൻ കാരംസ് ക്ളബ്ബിന്റെ മറവിലായിരുന്നു എംഡിഎംഎ വിൽപന നടത്തിയിരുന്നത്. പെൺകുട്ടികളുൾ ഉള്‍പ്പെടെയുള്ളവർക്ക് എംഡിഎംഎ രഹസ്യമായി എത്തിച്ചു നൽകാറാണ് പതിവ്. സുഹൃത്തുക്കളുടെയും എംഡിഎംഎ യ്ക്ക് അടിമപ്പെട്ട കസ്റ്റമേഴ്സിന്‍റെ വാഹനങ്ങളിൽ കറങ്ങി നടന്നാണ് വിൽപന നടത്താറുള്ളത്. വാഹനം ദൂരെ പാർക്ക് ചെയ്തശേഷം നടന്ന് വന്നാണ് എംഡിഎംഎ കൈമാറുക. വാഹനം ഏതെന്ന് മനസ്സിലാക്കാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്യുന്നത്.

സിവിൽ സ്റ്റേഷന് സമീപത്ത് വച്ച് പ്രതി മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ എംഡിഎംഎ സഹിതം പിടികൂടിയത്. നടക്കാവ് സബ്ബ് ഇൻസ്പെക്ടർ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന മാഫിയ തലവനെകുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈസ്റ്റ് ഹിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയ സംഘം പ്രധാനമായും ലക്ഷ്യമിടുന്നത് യുവ തലമുറയെയാണെന്ന് പൊലീസ് പറഞ്ഞു.

ആരാണ് മയക്കുമരുന്നെത്തിക്കുന്നതെന്ന് സംഘത്തലവന് മാത്രമേ അറിയൂ എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. തുടർന്ന് നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്‍റെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്നും മുപ്പത്തിഒന്നായിരം രൂപയും മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എസ്. ശ്രീനിവാസ് ഐപിഎസിൻ്റെ നിർദ്ദേശപ്രകാരം രാത്രികാല പരിശോധന ശക്തമാക്കിയ ഡൻസാഫ് കഴിഞ്ഞ കുറെ ദിവസങ്ങളായി ഈസ്റ്റ് ഹിൽ കാരപ്പറമ്പ് ഭാഗങ്ങളിൽ എംഡിഎംഎ വിൽപന നടത്തുന്ന സംഘത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മനോജ് എടയേടത്ത്, സീനിയർ സിപിഓ കെ.അഖിലേഷ്, സി.പിഒ മാരായ ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, നടക്കാവ് പോലീസ് സ്റ്റേഷനിലെ എസ്ഐ മാരായ എസ്ബി കൈലാസ് നാഥ്, ശ്രീഹരി, കിരൺ ശശിധരൻ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ സന്തോഷ് മമ്പാട് സീനിയർ സിപിഓ ഹരീഷ്, ഡ്രൈവർ സിപിഒ ഷാജിഖ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Back to top button
error: