കാസര്‍ഗോഡ് ജില്ലയില്‍ കാഞ്ഞങ്ങാടിനടുത്ത് അജാനൂര്‍ പഞ്ചായത്തിലാണ് വെള്ളിക്കോത്ത് ഗ്രാമം. കവി പി.കുഞ്ഞിരാമന്‍ നായരുടെ ജന്മനാട്. ആ ഗ്രാമമാണ് ലോട്ടറി വില്‍പ്പനയിലും വാങ്ങലിലും പുതിയമുഖം കാഴ്ചവെക്കുന്നത്.
“മാവേലി നാടുവാണീടും കാലം മാനുഷരല്ലൊരുമൊന്നുപോലെ” എന്ന ഓണത്തിന്റെ ഐതിഹ്യം പോലെയാണ് ഇവിടെയും ലോട്ടറി വാങ്ങലിൽ ആളുകളുടെ പങ്കാളിത്തം.
വെള്ളിക്കോത്തെ ഓട്ടോറിക്ഷാ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഈ പ്രദേശത്തുള്ളവരും ഇവിടെ വന്നുപോകുന്നവരുമൊക്കെയായ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവര്‍ ഈ ലോട്ടറി വാങ്ങലില്‍ പങ്കാളികളായിട്ടുണ്ട്. ഓട്ടോ ഡ്രൈവര്‍മാര്‍, ചെത്തുതൊഴിലാളികള്‍, കുടുംബശ്രീത്തൊഴിലാളികള്‍, മീന്‍വില്‍പ്പനക്കാര്‍, കല്‍ത്തൊഴിലാളികള്‍. തൊഴിലുറപ്പ് പണിക്കാര്‍, അങ്ങനെ സമൂഹത്തിലെ വിവിധ തൊഴില്‍ ചെയ്തു ജീവിക്കുന്നവരുടെ വലിപ്പ ചെറുപ്പമില്ലാത്ത കൂട്ടായ്മ ഇതില്‍ കാണാം.
മാത്രമല്ല, ടിക്കറ്റ് എടുക്കുന്നതില്‍ ഐക്യ കേരള സ്വഭാവവും പുലര്‍ത്താന്‍ ഇവര്‍ മടിച്ചില്ല. ഇങ്ങ് തെക്കേയറ്റത്ത് തിരുവനന്തപുരം ജില്ല മുതല്‍ വിവിധ ജില്ലകളില്‍ നിന്നായാണ് ഭാഗ്യം തേടിയുള്ള ടിക്കറ്റ് വാങ്ങിയിട്ടുള്ളത്. ടിക്കറ്റിനായി 100 രൂപ ഷെയറിട്ടവരുടെ പേരും 40 ടിക്കറ്റിന്റെ പടവും പതിച്ച ബോര്‍ഡ് വെള്ളിക്കോത്ത് ഓട്ടോ സ്റ്റാന്‍ഡില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് നാലാം തവണയാണ് ഈ നാട് മൊത്തത്തില്‍ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്.
എന്നാല്‍ നാല് വര്‍ഷമായി ഇതുവരെ ഭാഗ്യം ഈ ഗ്രാമത്തിനോട് കനിഞ്ഞിട്ടില്ല. പക്ഷേ, ഇവിടുത്തുകാര്‍ക്ക് അതില്‍ പ്രതിഷേധമൊന്നുമില്ല, ലോട്ടറിക്കച്ചവടം ചെയ്യുന്നവര്‍ മുതല്‍ സര്‍ക്കാരിനുവരെ വരുമാനം ലഭിക്കുന്നതിന് സഹായകരാമാകുന്ന ലോട്ടറി എടുത്ത് പിന്തുണയ്ക്കുക എന്നതാണ് അവരുടെ നിലപാട്.