കാസര്‍കോട്: സംസ്ഥാനത്തെ തെരുവ് നായ ശല്യത്തെയും റോഡിലെ കുഴികളെയും വിമര്‍ശിച്ച് എഴുത്തുകാരന്‍ എം. മുകുന്ദന്‍ രംഗത്ത്. കൊവിഡിനു ശേഷം പട്ടികളെയും റോഡിലെ കുഴികളെയും പേടിച്ച് നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് എം. മുകുന്ദൻ പറഞ്ഞു.
പട്ടികൾ ഇവിടെ റിപ്പബ്ലിക് സ്ഥാപിചിരിക്കുകയാണെന്നും പട്ടികളുടെ റിപ്പബ്ലിക്കിലാണ് നമ്മള്‍ ജീവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതില്‍ നമുക്ക് നാണക്കേടും വേദനയുമുണ്ട്. പട്ടികളുടെ റിപ്പബ്ലിക്കിനെ നമുക്ക് അഴിച്ചുപണിയണമെന്നും ഭയമില്ലാതെ റോഡില്‍ക്കൂടി നടക്കണമെന്നും അദ്ദേഹം പറഞ്ഞു. വളരെയധികം പ്രബുദ്ധ സമൂഹമാണ് നാം. പക്ഷേ അപ്പോഴും റോഡില്‍ കുഴികളുണ്ട്. കുഴിയില്‍ വീണ് ചെറുപ്പക്കാരും കുട്ടികളും മരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കാസര്‍കോട് കാഞ്ഞങ്ങാട്ട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യുന്ന രണ്ട് പ്രശ്നങ്ങളാണ് തെരുവ് നായ ശല്യവും റോഡിലെ കുഴികളും. സംസ്ഥാനത്ത് ഈവര്‍ഷം ഇതുവരെ 21പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. സംസ്ഥാനത്തെ തെരുവ്നായകളുടെ എണ്ണത്തില്‍ വലിയതോതില്‍ വര്‍ധനവുണ്ടായതാണ് പ്രശ്നത്തിന് കാരണം. പേവിഷത്തിനെതിരെയുള്ള വാക്സീന്‍റെ ഗുണനിലാവരവും ചര്‍ച്ചയായിരുന്നു. വാക്സീന്‍ സ്വീകരിച്ച അഞ്ച് പേരും പേവിഷ ബാധയെ തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ ദിവസമാണ് ആലുവ-പെരുമ്പാവൂര്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റയാള്‍ മരിച്ചത്.