CrimeNEWS

ഒരു മര്യാദയൊക്കെ വേണ്ടേ? 20 വയസ് കുറച്ചു പറഞ്ഞ് പറ്റിച്ച പങ്കാളിക്കെതിരേ പ്രവാസി

കണ്ണൂര്‍: പ്രായം കുറച്ചു പറഞ്ഞു കബളിപ്പിച്ചെന്ന് ആരോപിച്ച് ലിവ് ഇന്‍ പങ്കാളിക്കെതിരേ പ്രവാസി കോടതിയില്‍! ഇരുപതു വയസ് കുറച്ചു പറഞ്ഞ് വഞ്ചിച്ചെന്നാണ് പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ സ്വകാര്യ അന്യായത്തില്‍ പ്രവാസിയുടെ ആരോപണംം. കോടതി നിര്‍ദേശപ്രകാരം യുവതിക്കെതെരേ കേസെടുത്തതായി പൊലീസ് പറഞ്ഞു.

ദുബൈയില്‍ ഏറെക്കാലമായി ഒരുമിച്ചു താമസിക്കുകയാണ് ഇരുവരും. ഇരുപത്തിനാലു വയസാണെന്നാണ് യുവതി തന്നോടു പറഞ്ഞതെന്ന് പ്രവാസി പരാതിയില്‍ പറയുന്നു. ആധാര്‍ കാര്‍ഡിലും ഡ്രൈവിങ് ലൈസന്‍സിലും ഇതേ പ്രായമാണ്. എന്നാല്‍, അവിചാരിതമായി പാസ്പോര്‍ട്ട് കണ്ടപ്പോഴാണ് ഒപ്പം താസമിക്കുന്നയാള്‍ക്ക് ഇരുപതു വയസു കൂടുതലുണ്ടെന്നു മനസിലായതെന്ന് പരാതിയില്‍ പറയുന്നു.

Signature-ad

കോഴിക്കോട് സ്വദേശിയായ യുവതി ആധാറിലും ഡ്രൈവിങ് ലൈസന്‍സിലും തിരിമറി നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യമാവുന്നതെന്ന് പോലീസ് പറഞ്ഞു. വിശ്വാസ വഞ്ചന, ആള്‍മാറാട്ടം, വ്യാജ രേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരേ കേസെടുത്തിട്ടുള്ളത്. യുവതി തലശേരി കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടിയതായും പോലീസ് അറിയിച്ചു.

ഇരുവരും തമ്മില്‍ മറ്റു പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പോലീസിന്റെ നിഗമനം. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായ ഉപയോഗിച്ചെന്ന് ആരോപിച്ച് പ്രവാസിക്കെതിരേ യുവതിയും പരാതി നല്‍കിയിട്ടുണ്ട്.

 

Back to top button
error: