IndiaNEWS

നരേന്ദ്രമോഡിക്ക് ഇന്ന് ജന്മദിനം, 21 വര്‍ഷമായി അധികാരത്തിൻ്റെ ഉന്നത സോപാനത്തിൽ. 13 വര്‍ഷം മുഖ്യമന്ത്രി, 8 വര്‍ഷം പ്രധാനമന്ത്രി. 72 വയസ്സ് തികഞ്ഞ ആ രാഷ്ട്രീയ ജീവിതത്തിലെ ചില കൗതുകങ്ങളും വിശേഷങ്ങളും അറിയുക

  • ആദ്യമായി അധികാരത്തിലേറുന്നത് മുഖ്യമന്ത്രി പദത്തിലേക്ക്.13 വർഷത്തിനു ശേഷം മുഖ്യമന്ത്രിപദം ഒഴിയുന്നത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ. 51-ാം വയസില്‍ അധികാരം ഏറിയത് മുതൽ 72-ാം വയസ്സു വരെ അധികാരത്തിനു പുറത്തുനിന്നത്  മുന്നു ദിവസങ്ങൾ നിയുക്ത പ്രധാനമന്ത്രിയായിരിക്കെ മാത്രം. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ ശുഭ നക്ഷത്രമായ നരേന്ദ്രമോഡിയുടെ പിറന്നാൾ ആഘോഷിക്കുമ്പോൾ ആ രാഷ്ട്രീയ ജീവിതത്തിലെ ചില കൗതുക വിശേഷങ്ങൾ അറിയാം

ലോകത്തെ ഏത് രാഷ്ട്രീയക്കാരും കൊതിക്കുന്ന ജാതകമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേത്. സെപ്തംബര്‍ 17 -ന് 72 വയസു പൂര്‍ത്തിയാകുന്ന നരേന്ദ്ര മോഡി രാജ്യത്ത് ഒരു പഞ്ചായത്തംഗമോ എംഎല്‍എയോ പോലുമാകാതെ മുഖ്യമന്ത്രിയും ആദ്യ തവണ പാര്‍ലമെന്‍റംഗമായി തെരഞ്ഞെടുക്കപ്പെട്ടതോടെ പ്രധാനമന്ത്രിയും ആയ ഏക ഇന്ത്യന്‍ നേതാവാണ്.

51-ാം വയസില്‍ ആദ്യമായി ഗുജറാത്ത് സെക്രട്ടറിയേറ്റില്‍ നരേന്ദ്ര മോഡി കാലുകുത്തുന്നത് സംസ്ഥാനത്തിന്‍റെ 14-മത് മുഖ്യമന്ത്രിയായിട്ടാണ്, 2001 ഒക്ടോബര്‍ 7-ന്. പിന്നീട് 13 വര്‍ഷം അതേ പദവിയില്‍ തിരുവായ്ക്ക് എതിര്‍വാ ഇല്ലാതെ തുടര്‍ന്ന മോഡി 2014ല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമാണ് മെയ് 22ന് രാജിവയ്ക്കുന്നത്. 2001-ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഭരണം തുടങ്ങിയ ശേഷമാണ് അദ്ദേഹം നിയമസഭയിലേയ്ക്ക് മല്‍സരിച്ച്‌ വിജയിക്കുന്നത്.

Signature-ad

രാജ്യത്തിത്തെ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കുന്നതിനുമുണ്ട് പ്രത്യേകത. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ ലോക്സഭാംഗമായി ആദ്യമായി ഇന്ത്യന്‍ പാര്‍ലമെന്‍റില്‍ നരേന്ദ്ര മോഡി കാലുകുത്തുന്നത് രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷമാണ്.

2014 -ലേത് ചെറിയൊരു വിജയമായിരുന്നില്ല. 1984 -നു ശേഷം മൂന്നു പതിറ്റാണ്ടുകള്‍ക്കപ്പുറം രാജ്യത്ത് ഒരു പാര്‍ട്ടിക്ക് ആദ്യമായി ലോക്സഭയില്‍ തനിച്ച്‌ ഭൂരിപക്ഷം ലഭിക്കുന്നത് മോഡിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിക്കാണ്. ആ വിജയം 2019ലും ആവര്‍ത്തിച്ചു. അതായത് 2001 മുതല്‍ ഇതുവരെയുള്ള 21 വര്‍ഷങ്ങളായി നരേന്ദ്ര മോഡിയാണ് രാജ്യത്തിന്‍റെ പരമോന്നത പദവി അലങ്കരിക്കുന്നത്. 13 വര്‍ഷം മുഖ്യമന്ത്രി, 8 വര്‍ഷം പ്രധാനമന്ത്രി. ആ ചരിത്രം എന്തായാലും 2024 വരെ നീളും എന്നുറപ്പ്. മോഡിയുടെ ജാതകഗുണം വച്ചാണെങ്കില്‍ അതിനുമപ്പുറത്തേയ്ക്കും.

1950 സെപ്തംബര്‍ 17 ന് വടക്കുകിഴക്കന്‍ ഗുജറാത്തിലെ വാഡ്‌നഗറിലായിരുന്നു ജനനം. അവിടുത്തെ റെയില്‍വേ സ്റ്റേഷനിലുള്ള പിതാവിന്‍റെ ചായക്കടയില്‍ കുട്ടിക്കാലത്ത് ചായ വില്പനയില്‍ ഏര്‍പ്പെട്ടിരുന്നതായി അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. എട്ടാം വയസില്‍ അദ്ദേഹം ആര്‍എസ്‌എസ് അംഗമായി. 1971 മുതല്‍ മുഴുവന്‍ സമയ ആര്‍എസ്‌എസ് പ്രവര്‍ത്തകനായി. 1985-ലാണ് ബിജെപിയിലെത്തുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി പദവിയില്‍ വരെയെത്തി.

2001ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷം അദ്ദേഹം അധികാരത്തിനു പുറത്തുനിന്നത് മൂന്നേ മൂന്നു ദിവസം മാത്രം. 2014 മെയ് 22ന് ഗുജറാത്ത് മുഖ്യമന്ത്രി പദവി രാജിവച്ച്‌ മെയ് 26 ന് പ്രധാനമന്ത്രിയായി ചുമതല ഏറ്റതിനിടയിലുള്ള മൂന്നു ദിവസം മാത്രം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം വേറിട്ട രീതിയിൽ ആഘോഷമാക്കാനൊരുങ്ങി ബിജെപി തമിഴ്നാട് ഘടകം. മോദിയുടെ ജന്മദിനമായ ഇന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് സ്വർണമോതിരം നൽകാനാണ് തീരുമാനം. അതു മാത്രമല്ല, ജന്മദിനാഘോഷങ്ങളുടെ ഭാ​ഗമായി 720 കിലോ​ഗ്രാം മത്സ്യം വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്.

ചെന്നൈയിലെ ​ഗവണ്മെന്റ് ആർ.എസ്.ആർ.എം ആശുപത്രിയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് സ്വർണമോതിരം നൽകുക. മത്സ്യബന്ധന വകുപ്പ് മന്ത്രി എൽ മുരു​ഗനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഓരോ മോതിരവും രണ്ട് ​ഗ്രാം തൂക്കത്തിലുള്ളതായിരിക്കും. പത്ത് മുതൽ പതിനഞ്ച് മോതിരങ്ങൾ നല്കേണ്ടി വരുമെന്നാണ് കണക്കെന്ന് ബിജെപി വ്യക്തമാക്കി.

പാർട്ടി ​ദേശീയ നേതൃത്വം നൽകിയ നിർദ്ദേശമനുസരിച്ച് എല്ലാ സംസ്ഥാനങ്ങളും അതിവിപുലമായ രീതിയിൽ പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുന്നുണ്ട്. സേവാ പഖ്വാഡ ആയി ആഘോഷിക്കണമെന്നാണ് നിർദ്ദേശം.

Back to top button
error: