മലപ്പുറം: വടക്കന്‍ കേരളത്തിലുടനീളം ഭവനഭേദനം നടത്തുന്ന അന്തര്‍ സംസ്ഥാന മോഷ്ടാവ് പിടിയില്‍. മഞ്ചേരി സ്വദേശി അരീക്കാട് വീട്ടില്‍ അനില്‍കുമാര്‍ എന്ന കാര്‍ലോസ്(60) വളാഞ്ചേരി പോലീസിന്റെ പിടിയിലായത്. പൂട്ടിയിട്ട് പോകുന്ന വീടുകള്‍ തിരഞ്ഞുപിടിച്ച് മോഷണം നടത്തുന്ന പ്രകൃതക്കാരനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി വളാഞ്ചേരി കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പുറകുവശമുള്ള ബാലമുരളി നിവാസില്‍ അഭിനന്ദിന്റെ വീട് കുത്തിത്തുറന്ന് 80,000 രൂപ ഇയാള്‍ കവര്‍ന്നിരുന്നു. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസിന്റെ നിര്‍ദ്ദേശാനുസരണം തിരൂര്‍ ഡിവൈ.എസ്.പി: വി.വി ബെന്നിയുടെ നേതൃത്വത്തില്‍ തിരൂര്‍ ഡെന്‍സാഫ് ടീമിന്റെ സഹായത്തോടെ വളാഞ്ചേരി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷൊര്‍ണൂരില്‍ നിന്നും പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതില്‍ കൂറ്റനാട്, തൃത്താല, വടക്കാഞ്ചേരി, ഷൊര്‍ണൂര്‍, ചങ്ങരംകുളം എന്നിവിടങ്ങളില്‍ 10 ഓളം മോഷണം നടത്തിയിട്ടുണ്ടെന്നും കഴിഞ്ഞ ഓഗസ്റ്റ് 30നാണ് ഒറ്റപ്പാലം ജയിലില്‍ നിന്ന് ഇറങ്ങിയതെന്നും പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ, നിലമ്പൂര്‍, പട്ടാമ്പി ഒറ്റപ്പാലം,ആലത്തൂര്‍ ഹേമാംബിക നഗര്‍, കോഴിക്കോട്, നല്ലളം പോലീസ് സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കളവ് കേസുകള്‍ ഉണ്ടായിരുന്നു.