ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ അഴിമതി വിരുദ്ധ പ്രവര്‍ത്തകനെ കോടതി അലക്ഷ്യ കേസില്‍ ആറുമാസത്തെ തടവിനു ശിക്ഷിച്ചു. സുവക്കു ശങ്കര്‍ എന്ന ബ്ലോഗ് വഴി പ്രസിദ്ധനായ എം.ശങ്കറിനെയാണു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ശിക്ഷിച്ചത്. ജഡ്ജിമാര്‍ പണം വാങ്ങിയാണു വിധി പറയുന്നതെന്ന ഒരു അഭിമുഖത്തിലെ പരാമര്‍ശമാണു കേസിന് ആധാരം.
പരാമര്‍ശം വന്‍ ചര്‍ച്ചയായതിനു പിന്നാലെ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. പറഞ്ഞ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നതായി നേരത്തെ ശങ്കർ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കിയിരുന്നില്ല. തുടര്‍ന്നാണ് ഇന്നു കോടതി ശിക്ഷ വിധിച്ചത്. ശങ്കറിനു ജയിലില്‍ ഇരുന്നു അപ്പീല്‍ നല്‍കാമെന്ന് വിധിയില്‍ വ്യക്തമാക്കി.