NEWSWorld

പേന ലീക്കായി; പൊട്ടിത്തെറിച്ച് ചാള്‍സ് മൂന്നാമന്‍

ലണ്ടന്‍: പേനയിലെ മഷി ലീക്കായതിനെ തുടര്‍ന്ന് പരസ്യമായി ക്ഷുഭിതനായി ചാള്‍സ് മൂന്നാമന്‍ രാജാവ്. വടക്കന്‍ അയര്‍ലന്‍ഡിലെ ഔദ്യോഗിക സര്‍ക്കാര്‍ വസതിയായ ഹില്‍സ്ബറോ കാസിലിലെ സന്ദര്‍ശക പുസ്തകത്തില്‍ ഒപ്പിടുന്നതിനിടെയാണ് സംഭവം. പേന ലീക്കായതോടെ ഇരിപ്പിടത്തില്‍നിന്ന് ക്ഷുഭിതനായി എഴുന്നേറ്റ് പോകുന്ന രാജാവിന്റെ വീഡിയോ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

”ഓ ദൈവമേ, ഞാന്‍ ഈ പേനയെ വെറുക്കുന്നു” എന്ന് പറഞ്ഞ് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ ചാള്‍സ് ഭാര്യ കാമിലയ്ക്ക് പേന കൈമാറുകയായിരുന്നു. കൈയിലാകെ പരന്ന മഷി തുടച്ചുകളഞ്ഞ ശേഷം ”ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാനാകില്ല” എന്ന് പറഞ്ഞാണ് രാജാവ് നടന്നുനീങ്ങിയത്. ഇതിനുപിന്നാലെ അംഗരക്ഷകരെത്തി പേനയിലെ മഷി തുടച്ചുവൃത്തിയാക്കി. അതേസമയം, മേശപ്പുറത്തുണ്ടായിരുന്ന മറ്റൊരു പേന ഉപയോഗിച്ച് കാമില പുസ്തകത്തില്‍ ഒപ്പിടുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്.

എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ രാജാവായ ചാള്‍സ് മൂന്നാമന്‍ ക്യാമറയ്ക്ക് മുന്നില്‍ പരസ്യമായി അസ്വസ്ഥനാകുന്ന വീഡിയോ നേരത്തേയും പുറത്തുവന്നിരുന്നു. രാജാവായുള്ള പ്രവേശന വിളംബരം ഒപ്പിടുന്നതിന് തൊട്ടുമുമ്പ് തന്റെ മേശ വൃത്തിഹീനമായി കണ്ടപ്പോഴും അദ്ദേഹം അനിഷ്ടം പ്രകടപ്പിച്ചിരുന്നു. ദേഷ്യപ്പെട്ട് മേശപ്പുറത്തുള്ള മഷിക്കുപ്പികള്‍ അടക്കം എടുത്തുമാറ്റാന്‍ പരിചാരകരോട് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

Back to top button
error: