
ബംഗളൂരു: മുഖ്യമന്ത്രി പിണറായി വിജയന് അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കര്‍ണാടകയിലെത്തുന്നു.
ചിക്കബെല്ലാപുരയിലെ ബാഗേപ്പള്ളിയില്‍ 18-ന് നടക്കുന്ന സിപിഎം. റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യാതിഥി. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, ബി.വി. രാഘവലു, കര്‍ണാടക സംസ്ഥാന സെക്രട്ടറി യു. ബസവരാജ് എന്നിവരും പങ്കെടുക്കുന്നുണ്ട്.
ബിജെപിയുടെയും ആര്.എസ്.എസിന്റെയും അതിശക്തമായ എതിര്‍പ്പ് അവഗണിച്ച് 2017ലാണ് പിണറായി അവസാനം കർണാടകയിലെത്തിയത്. വാര്‍ത്താഭാരതി ദിനപത്രത്തിന്റെ പുതിയ ഓഫിസ് കെട്ടിട നിര്‍മ്മാണോദ്ഘാടനവും സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാര്‍ദ്ദ റാലി ഉദ്ഘാടനവുമായിരുന്നു പരിപാടികള്‍. കര്‍ണാടകയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന ഭീഷണിക്കും ഹര്ത്താലിനുമിടെ സംഘപരിവാര്‍ബിജെപി സംഘടനകള്‍ക്കു മറുപടിയുമായാണ് പിണറായി അന്ന് മംഗളുരുവിലെത്തിയത്.
കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് പിണറായി വിജയന് മംഗളൂരുവില്‍ പ്രസംഗിക്കുന്നതു തടയാനായി സംഘപരിവാര്‍ അന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്. ബിജെപിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് വിവാദമായതോടെ ബിജെപി നിലപാടില്‍ നിന്ന് പിന്നോട്ട് പോയി.
എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണ്. കെ റെയില്‍ മംഗളുരുവിലേക്ക് നീട്ടാനുള്ള ചര്‍ച്ച നടക്കുകയാണ്. അതിന് കര്‍ണ്ണാടക സര്‍ക്കാരിന്റെ പിന്തുണയും കേരളം തേടുന്നുണ്ട്. കര്‍ണ്ണാടകയിലെ ബിജെപി സര്‍ക്കാരിനെ ചേര്‍ത്ത് നിര്‍ത്തി പദ്ധതിക്ക് അംഗീകാരം വാങ്ങാൻ തന്നെയായിരിക്കും പിണറായിയുടെ നീക്കം.അതുകൊണ്ട് തന്നെ കര്‍ണ്ണാടകയില്‍ പിണറായി നടത്തുന്ന പ്രസംഗം നിര്‍ണ്ണായകമാകും






