NEWS

മരണത്തിലേക്ക് ടിക്കറ്റെടുത്ത അവസാന യാത്രക്കാരൻ

നേര്യമംഗലം: കൊച്ചി – ധനുഷ്‌കോടി ദേശീയ പാതയിൽ  നേര്യമംഗലം ചാക്കൊച്ചി വളവിൽ ഇന്നലെ രാവിലെ നടന്ന കെ എസ് ആർ ടി സി ബസ് അപകടത്തിൽ മരണപെട്ട വാളറ കുളമാവുംകുഴി സ്വദേശി പാലക്കൽ സജി ( 40 )യുടെ വേർപാട് നാടിനു നൊമ്പരമായി.
അപകടം നടക്കുന്നതിന് 5 കിലോമീറ്റർ പുറകിൽ വാളറ കെ ടി ഡി സി പടിയിൽ നിന്നാണ് സജിയും പിതാവ് ജോസഫും ഈ ബസിൽ കയറുന്നത്. ബസിൽ കയറിയ അവസാന യാത്രക്കാരനും സജി ആയിരുന്നു. സജി  ടിക്കറ്റ് വാങ്ങി കഴിഞ്ഞ് ഏതാനും നിമിഷങ്ങൾക്കുള്ളിലാണ് അപകടം സംഭവിക്കുന്നത്.
 ചികിത്സക്കായി സജിയെ കൊണ്ട് പിതാവ് ജോസഫ് എറണാകുളത്തെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് ഈ ദുരന്തം. പരിക്ക് പറ്റിയ ജോസഫ് കോതമംഗലത്തെ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലാണ്.മകന്റെ വിയോഗ വാർത്ത ഇനിയും പിതാവിനെ അറിയിച്ചിട്ടില്ല.
നിരവധി വാഹനങ്ങളാണ് നേര്യമംഗലം വന മേഖലയിൽ അപകടത്തിൽ പെടുന്നത്.വീതി കുറവായ ഈ റോഡിന്റെ ഒരു വശം കൊക്കയാണ്.
 ചാക്കൊച്ചി വളവ് ഒരു അപകട മുനമ്പ് എന്നുവേണമെങ്കിൽ പറയാം. വർഷങ്ങൾക്ക് മുൻപ് ചാക്കൊച്ചി എന്നുപേരുള്ള സ്വകാര്യ ബസ് ഈ വളവിൽ  കൊക്കയിലേക്ക് മറിഞ്ഞു നിരവധി പേർ മരണപ്പെട്ടിരുന്നു. അന്നു മുതലാണ് ഈ വളവിന് ചാക്കൊച്ചി വളവ് എന്ന പേര് വീണത്.

Back to top button
error: