KeralaNEWS

ആലപ്പുഴ തുമ്പോളിയിൽ നവജാതശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച സംഭവം: കുഞ്ഞ് തന്‍റേതെന്ന് സമ്മതിച്ച് യുവതി; വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ്

ആലപ്പുഴ: ആലപ്പുഴ തുമ്പോളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശു തന്‍റേതെന്ന് യുവതി സമ്മതിച്ചു. തുമ്പോളി സ്വദേശിനിയായ യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഡിഎന്‍എ പരിശോധനയും നടത്തും. യുവതിക്ക് കുഞ്ഞിനെ കൈമാറുന്ന കാര്യത്തിൽ ശിശുക്ഷേമ സമിതി തീരുമാനമെടുക്കും. കുഞ്ഞിനെ ഉപേക്ഷിക്കാൻ മറ്റാരുടെയെങ്കിലും സഹായം കിട്ടിയിരുന്നോ എന്നും പൊലീസ് പരിശോധിക്കും. യുവതിയും കുഞ്ഞും ഇപ്പോഴും ആലപ്പുഴ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ഉപേക്ഷിച്ച നിലയിൽ കുഞ്ഞിനെ കണ്ടെത്തിയ ശനിയാഴ്ച രാവിലെ രക്തസ്രാവത്തിന് ചികിത്സ തേടി യുവതിയും ആശുപത്രിയിലെത്തിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച തുമ്പോളി ജംങ്ഷന് സമീപം ആക്രി പെറുക്കാൻ എത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് പൊന്തക്കാട്ടിൽ നിന്ന് കുട്ടി കണ്ടെത്തിയത്. പൊന്തക്കാട്ടിൽ നിന്നുള്ള കരച്ചിൽ കേട്ട് ഇവർ നടത്തിയ തെരച്ചിലിനൊടുവിൽ പെൺകുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. കുഞ്ഞ് ജനിച്ച് അധികസമയമാകും മുൻപേ ഉപക്ഷേച്ചിതാണെന്ന് വ്യക്തമായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവിനെ തിരിച്ചറിഞ്ഞത്. പ്രസവത്തെ തുടർന്നുള്ള അമിത രക്തസ്രവത്തെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പൊലീസ് ഇവരെ കണ്ടെത്തിയത്.

Signature-ad

കുട്ടിയെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച ശേഷം വീട്ടിൽ തിരിച്ചെത്തിയ യുവതി വൈകാതെ രക്തസ്രവം കാരണം അവശയായി. ഇതോടെയാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ യുവതി ഗർഭിണിയായിരുന്നുവെന്ന കാര്യം അറിയില്ലായിരുന്നുവെന്നാണ് ആശുപത്രിയിൽ ഒപ്പമെത്തിയ ഭർത്താവും മാതാവും പറയുന്നത്. ആശുപത്രിയിൽ എത്തി ഡോക്ടർമാർ പറഞ്ഞപ്പോൾ മാത്രമാണ് പ്രസവത്തെ തുടർന്നുള്ള ബ്ലീഡിംഗാണ് യുവതിക്കെന്ന് വ്യക്തമായതെന്നും അവർ പൊലീസിന്  മൊഴി നൽകി.

Back to top button
error: