ഭർതൃപീഡനങ്ങളും തുടർന്നുള്ള ആത്മഹത്യകളും കേരളത്തിൽ തുടർക്കഥയായി മാറിയിട്ടുണ്ട്. കൊടിയ മർദ്ദനങ്ങളും മാനസിക പീഡനങ്ങളും മൂലം പ്രതിദിനം ഒന്നിലധികം പേരാണ് ജീവനൊടുക്കുന്നത്. തിരുവനന്തപുരം പേരൂർക്കടയിൽ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. പേരൂർക്കട ഹാർവ്വിപുരം ഫസ്റ്റ് ലെയിനിൽ ടിസി 19/1030ൽ എ സംജിതയെ (28)യാണ് വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് പാലോട് ബഥേൽ തടത്തരികത്ത് ബിജു ടൈറ്റസിനെ (29) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്‌തു.
നെടുമങ്ങാട് 11-ാംകല്ലിലെ വാടകവീട്ടിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടത്. ഒരാഴ്‌ചയായി ഭർത്താവ് സംജിതയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ പറയുന്നു. നെടുമങ്ങാട് പൊലീസ് പരിശോധന നടത്തി, ബിജുവിനെതിരെ ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തി കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
ഇടുക്കി ഏലപ്പാറയിലെ ഹെലിബറിയ വാഴപ്പറമ്പിൽ കുട്ടപ്പൻ-ചിന്നമ്മ ദമ്പതികളുടെ മകൾ എം.കെ.ഷീജ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ചത് രണ്ടു ദിവസം മുമ്പാണ്. ഭർത്താവ് ജോബിഷ് മദ്യപിച്ചെത്തി മർദിച്ചിരുന്നതായും ഭർതൃമാതാപിതാക്കൾ വഴക്കിട്ടിരുന്നതായും ഷീജ പരാതിപ്പെട്ടിരുന്നു.
കണ്ണൂരിലെ കരിവെള്ളൂരില്‍ സൂര്യ ജീവനൊടുക്കിയത് ഓണത്തലേന്നാണ്. ഭര്‍ത്താവില്‍ നിന്നും ബന്ധുകളില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന അതിക്രൂരമായ പീഡനമാണ് ആത്മഹത്യ ചെയ്യാനുള്ള കാരണം.
നേരിട്ട പീഡനങ്ങളെക്കുറിച്ച് വിവരിച്ചു കൊണ്ട് മകൾ സന്ദേശങ്ങള്‍ അയച്ചിരുന്നതായി സൂര്യയുടെ മാതാവ് സുഗതയും പിതാവും പെരുവാമ്പയിലെ വ്യാപാരിയുമായ രാമചന്ദ്രനും മാധ്യമളോടു വെളിപ്പെടുത്തി.
കരിവെള്ളൂര്‍ കൂക്കാനത്തെ ഭര്‍തൃവീട്ടിലാണ് 24 വയസുകാരിയായ കെ പി സൂര്യയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും താന്‍ കടുത്ത മാനസിക പീഡനം നേരിട്ടതിന്റെ ചില സൂചനകള്‍ സൂര്യ നേരത്തെ തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് മാതാവ് പറഞ്ഞു.
പെൺകുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം പൊതു സമൂഹത്തിനും ഇത്തരം ദാരുണ സംഭവങ്ങളിൽ ചില ഉത്തരവാദിത്വങ്ങളുണ്ട്. കടം വാങ്ങിയും കിടപ്പാടം പണയപ്പെടുത്തിയും ആവോളം പൊന്നും പണവും നൽകി മകളെ മറ്റൊരു വീട്ടിലേയ്ക്ക് അയക്കും മുമ്പ് പെൺകുട്ടിയുടെ താല്പര്യങ്ങൾ അറിയാനും ‘ചെറുക്കനെ’യും വീട്ടുകാരെയും കുറിച്ച് അന്വേഷിച്ച് ബോധ്യപ്പെടാനും ശ്രദ്ധിക്കണം. ഭർതൃഗൃഹത്തിൽ മകൾ നേരിടുന്ന പ്രശ്നങ്ങൾ മനസിലാക്കാനും കഴിയണം. സമൂഹവും സ്ത്രീധന പീഡനങ്ങളെയും ആത്മഹത്യകളെയും കുറിച്ച് ജാഗ്രത പുലർത്തണം.