ന്യൂഡല്‍ഹി: ‘ഭാരത് ജോഡോ’ യാത്രയ്ക്കിടെ വിവാദ ക്രിസ്ത്യന്‍ പുരോഹിതന് ജോര്‍ജ് പൊന്നയ്യയുമായി കൂടിക്കാഴ്ച നടത്തിയ രാഹുല്‍ ഗാന്ധിക്കെതിരേ ബി.ജെ.പി. രംഗത്ത്. ഇരുവരും തമ്മിലുള്ള ചര്‍ച്ചയുടെ വീഡിയോഭാഗം ട്വീറ്റ് ചെയ്താണ് ബിജെപി വക്താവ് ഷെഹ്സാദ് പൂനവാല രാഹുലിനെതിരേ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. വിവാദപരമായ പരാമര്‍ശം ഉന്നയിക്കുന്ന വീഡിയോഭാഗമാണ് ട്വിറ്ററില്‍ പങ്കുവെക്കപ്പെട്ടിട്ടുള്ളത്.
”ഹിന്ദുദൈവങ്ങളെ പോലെയല്ല, യേശുക്രിസ്തു ഏകദൈവ”മാണെന്ന് ജോര്‍ജ് പൊന്നയ്യ രാഹുലിനോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാമെന്ന് ഷെഹ്സാദ് പൂനവാല ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. ഭാരതമാതാവിന്റെ അശുദ്ധി തന്നെ കളങ്കപ്പെടുത്താതിരിക്കാനാണ് താന്‍ ഷൂസ് ധരിക്കുന്നതെന്ന് നേരത്തെ ജോര്‍ജ് പൊന്നയ്യ പ്രസ്താവിച്ചിട്ടുണ്ടെന്നും വിദ്വേഷ പരാമര്‍ശത്തിന്റെ പേരില്‍ ഇയാളെ മുമ്പ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു. ഭാരതത്തെ യോജിപ്പിക്കാന്‍ നടക്കുന്ന ആള് ഭാരതത്തെ വിഘടിപ്പിക്കുന്ന വ്യക്തിക്കൊപ്പമാണോ എന്നും പൂനവാല ചോദിക്കുന്നു.
പൊന്നയ്യയുമായി കൂടിക്കാഴ്ച നടത്തിയ രാഹുലിനെ ബി.ജെ.പി ഐടി സെല്‍ ഇന്‍-ചാര്‍ജ് അമിത് മാളവ്യയും ട്വിറ്ററിലൂടെ വിമര്‍ശിച്ചു. ഭൂരിപക്ഷവിഭാഗത്തിന്റെ വിശ്വാസത്തെ ഹനിക്കുന്ന ഒരാളുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങിയ രാഹുല്‍ നടത്തുന്ന ഭാരത് ജോഡോ യാത്ര ഒരു പ്രഹസനം മാത്രമാണെന്നും മാളവ്യ ആരോപിച്ചു. രാഹുലിന്റെ ഇന്ത്യയെ കുറിച്ചുള്ള സങ്കല്പത്തില് ഹിന്ദുക്കള്‍ക്ക് സ്ഥാനമില്ലേയെന്നും മാളവ്യ ട്വീറ്റില്‍ ചോദിക്കുന്നു.
എന്നാല്‍, വീഡിയോയില്‍ വ്യാജശബ്ദരേഖ ഉള്‍പ്പെടുത്തി വിഭാഗീയത സൃഷ്ടിക്കാനും ഭാരത് ജോഡോ യാത്ര പരാജയപ്പെടുത്താനുമാണ് ബി.ജെ.പിയുടെ ശ്രമമെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. യാത്രയ്ക്ക് ലഭിക്കുന്ന മികച്ച പിന്തുണ ബി.ജെ.പിയുടെ ഉറക്കം കെടുത്തിയതായും അതിന്റെ പ്രതിഫലനമാണ് ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ട്വീറ്റ് ചെയ്തു.