ലണ്ടന്‍: ബ്രിട്ടന്റെ പുതിയ രാജാവായി ചാള്‍സ് മൂന്നാമന് അധികാരമേറ്റു. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 2.30ന് സെന്റ് ജയിംസ് കൊട്ടാരത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്. രാജകുടുംബാംഗങ്ങളും പ്രധാനമന്ത്രിയും മുതിര്‍ന്ന രാഷ്ട്രീയക്കാരും കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പും അടങ്ങുന്ന അക്സഷന് കൗണ്‍സില്‍ അംഗങ്ങള്‍ രാജാവായി ചാള്‍സ് മൂന്നാമനെ പ്രഖ്യാപിച്ചു.
പുതിയ രാജാവിനെക്കുറിച്ചുള്ള വിളംബരം കൊട്ടാരത്തിന്റെ ഫ്രിയറി കോര്‍ട്ട് ബാല്‍ക്കണിയില്‍നിന്നാണ് ഉണ്ടായത്. പിന്നാലെ ഹൈഡ് പാര്‍ക്കിലും ടവര്‍ ഓഫ് ലണ്ടനിലും ഗണ്‍സല്യട്ടും. പരമ്പരാഗത വസ്ത്രം ധരിച്ചാണ് മുതിര്‍ന്ന നേതാക്കള്‍ വിളംബരം നടത്തിയത്. ഒരു മണിക്കൂറിനുശേഷം ലണ്ടന്‍ നഗരത്തിലെ റോയല്‍ എക്സ്ചേഞ്ചില്‍ രണ്ടാമത്തെ വിളംബരവും. സ്കോട്ലന്‍ഡിലും വെയ്ല്‍സിലും വടക്കന്‍ അയര്‍ലന്‍ഡിലും വെവ്വേറെ വിളംബരങ്ങള് ഞായറാഴ്ച ഉച്ചയ്ക്ക് ഉണ്ടാകും.
ചരിത്രത്തില്‍ ആദ്യമായി സ്ഥാനാരോഹണം തല്‍സമയം സംപ്രേഷണം ചെയ്തു. സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകള്‍ ദുഃഖാചരണം കഴിഞ്ഞതിനുശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ.
രാജ്ഞിയുടെ മരണത്തിനു പിന്നാലെ പകുതി താഴ്ത്തിക്കെട്ടിയ പതാക പുതിയ രാജാവിന്റെ വാഴിക്കലിന്റെ സമയം ഒരു മണിക്കൂര്‍ നേരം ഉയര്‍ത്തിക്കെട്ടി. പിന്നീട് വീണ്ടും ദുഃഖാചരണത്തിന്റെ ഭാഗമായി പതാക പകുതി താഴ്ത്തി. രാജ്ഞിയുടെ സംസ്കാരം കഴിഞ്ഞ് ഏഴു ദിവസം വരെയാണ് ദുഃഖാചരണം.