മൂലക്കുരുവിൻ്റെ ലക്ഷണങ്ങൾ പല ആളുകളിലും വ്യത്യസ്തരീതിയിലാണ് അനുഭവപ്പെടാറ്. ചിലരിൽ സഹിക്കാനാവാത്ത വേദന ഉണ്ടാകുകയും മലദ്വാരത്തിലൂടെ രക്തം നഷ്ടപ്പെടുകയും ചെയ്യുമ്പോൾ ചൊറിച്ചിലും മറ്റു അസ്വസ്ഥതകളുമെല്ലാം ഉണ്ടാക്കുന്നു.
മൂലക്കുരുവിൻ്റെ പ്രശ്നങ്ങൾ കണ്ടുതുങ്ങുമ്പോൾ തന്നെ ജീവിതശൈലിയിലും ഭക്ഷണ ശീലത്തിലും അല്പം മാറ്റങ്ങൾ കൊണ്ടു വരുകയാണെങ്കിൽ ഭാവിയിൽ വലിയ ചികിത്സകളൊന്നും കൂടാതെ ആഴ്ചകൾകൊണ്ട് സ്വാഭാവികമായി ഇത് മാറ്റിയെടുക്കാൻ സാധിക്കും.
1. അത്താഴത്തിൽ കുറച്ചു മാറ്റങ്ങൾ വരുത്തുക
ലഘുവായ അത്താഴം ശീലമാക്കുന്നത് പൈൽസിൻ്റ പ്രശ്നങ്ങളെ ഒരു പരിധിവരെ കൈകാര്യം ചെയ്യാൻ സഹായിക്കും.രാത്രിയിൽ ലഘുവായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.കഞ്ഞി അത്യുത്തമം.അല്ലെങ്കിൽ പഴങ്ങളോ പച്ചക്കറികളോ ഉൾപ്പെടുത്തിയുള്ള സാലഡ് കഴിക്കുക.
ഉറങ്ങാൻ കിടക്കുന്നതിന് കുറഞ്ഞത് രണ്ടു മണിക്കൂർ മുൻപെങ്കിലും കഴിക്കുക. വറുത്ത ഭക്ഷണങ്ങളോ എണ്ണമയമുള്ള ഭക്ഷണങ്ങളോ ധാരാളമായി കഴിക്കരുത്. അത്താഴത്തിൽ നിന്ന് ഇവ ഒഴിവാക്കുക. ഇത്തരം ഭക്ഷണങ്ങൾ വൻകുടലിലേക്കുള്ള രക്തയോട്ടം മന്ദഗതിയിലാക്കുന്നു. ദുർബലമായ വൻകുടൽ വ്യവസ്ഥിതിയും മലബന്ധ പ്രശ്നങ്ങളും ഉള്ളവർ രാത്രിയിൽ എരുവ് കൂടിയതും മസാലകൾ നിറഞ്ഞതുമായ ആഹാരം കഴിക്കുന്നത് ദോഷകരമാണ്.
2. ജലാംശം ഉറപ്പുവരുത്തുക
ദിവസവും കുടിക്കുന്ന ജലത്തിൻ്റെ അളവ് വർദ്ധിപ്പിക്കുക.വർദ്ധിച്ച ജല ഉപയോഗം മലം കട്ടിയാകാതിരിക്കാൻ സഹായിക്കുകയും വൻകുടലിലൂടെ ഇത് സുഗമമായി ഒഴുകാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് മൂലക്കുരുവിൻ്റെ പ്രശ്നങ്ങളുള്ള ആളുകളിൽ വേദനകൾ കുറയ്ക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ഒരു ജീവിതശൈലി നിലനിർത്തുന്നത് പൈൽസിനെ കൈകാര്യം ചെയ്യാൻ സഹായിക്കും.
3. ത്രിഫല ചൂർണ്ണം
മൂലക്കുരു പ്രശ്നങ്ങളെ സ്വാഭാവികമായി കൈകാര്യം ചെയ്യാൻ ത്രിഫല ഔഷധത്തിന് കഴിവുണ്ട്. കടുക്ക, നെല്ലിക്ക, താന്നി എന്നീ ആയുര്‍വേദ കൂട്ടുകള്‍ ഒത്തുചേരുന്നതാണ് ഈ മരുന്ന്. വിപണിയിൽ ഇത് ലഭ്യമാണ്.ദഹന പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ത്രിഫല. ഇത് നിങ്ങൾക്ക് നല്ല ദഹനം നൽകാനും ഗ്യാസ്,അസിഡിറ്റി പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.ഇത് മലബന്ധം ഒഴിവാകുകയും മൂലക്കുരുവിൻ്റെ പ്രശ്നങ്ങളെ ഒരു പരിധിവരെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
4. ആവണക്കെണ്ണ
ഈ അവസ്ഥകൾക്കുള്ള മറ്റൊരു ഫലപ്രദമായ പരിഹാരമാണ് കാസ്റ്റർ ഓയിൽ അഥവാ ആവണക്കെണ്ണ. രാത്രിയിൽ ഉറങ്ങുന്നതിനു മുൻപായി ഒരു ഗ്ലാസ് പാലിൽ 5 മില്ലി കാസ്റ്റർ ഓയിൽ ചേർത്ത് കുടിക്കുകയാണെങ്കിൽ രാവിലെ മലവിസർജ്ജനം സുഗമമാക്കാൻ സാധിക്കും. മലദ്വാരത്തിൻ്റെ ഭാഗങ്ങളിൽ ഉണ്ടാകുന്ന വീക്കവും വേദനകളും കുറയ്ക്കാനായി കാസ്റ്റർ ഓയിൽ ബാഹ്യമായി പുരട്ടുകയും ചെയ്യാം.
5. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ
പച്ചിലക്കറികൾ, കാരറ്റ്, വെള്ളരി, ഫ്ളാക്സ് സീഡ്, ഒരു രാത്രി കുതിർത്ത വച്ച ഉണക്കമുന്തിരി, പ്ളം എന്നിവയെല്ലാം നാരുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ഏറ്റവും നല്ല ഉറവിടങ്ങളാണ്. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് വഴി മൂലക്കുരുവിൻ്റെ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നേടാൻ സഹായിക്കും.
മൂലക്കുരുവിൻ്റെ പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ആവശ്യമായ ചികിത്സകൾ നൽകാതിരിക്കുന്നത് കൂടുതൽ ദോഷഫലങ്ങളിലേക്ക് നയിക്കും. മൂലക്കുരുവിൻ്റെ കേസുകളിൽ സർജറി അവസാനത്തെ ഓപ്ഷൻ മാത്രമാണ്. ആദ്യമേ തന്നെ വേണ്ട ചികിത്സകൾ നൽകുകയാണെങ്കിൽ ഇതിൻ്റെ ആവശ്യം വരില്ല.ഇനി സർജറി ചെയ്താൽ തന്നെ വീണ്ടും വരികയില്ലെന്ന് ഉറപ്പ് പറയാനും സാധിക്കില്ല.