NEWS

പനിക്കാലമാണ്,പാരസെറ്റമോളിന് വിലക്കുറവുമാണ്; പക്ഷെ സ്വയം ചികിത്സ വേണ്ട 

മിക്ക വീടുകളിലും പ്രാഥമികമായ ആശ്രയമെന്ന നിലയില്‍ എപ്പോഴും സൂക്ഷിച്ചിരിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോൾ.ചെറിയ പനിയോ, തൊണ്ടവേദനയോ, തലവേദനയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തിലുള്ള ശരീരവേദനകളോ അനുഭവപ്പെടുന്ന പക്ഷം മിക്കവരും ആദ്യം തന്നെ ആശ്രയിക്കുന്നൊരു ഗുളികയുമാണ് ഇത്.
ഇത്രയധികം സാര്‍വത്രികമായ ഗുളികയായതിനാല്‍ തന്നെ ആളുകള്‍ കാര്യമായി ഇതെക്കുറിച്ച് ആലോചിക്കാറില്ലെന്നതും സത്യമാണ്. എന്തെങ്കിലും ശാരീരികമായ വിഷമത തോന്നിയാല്‍ ഉടന്‍ തന്നെ ‘ഒരു പാരസെറ്റമോള്‍ കഴിക്കൂ’ എന്ന നിര്‍ദേശം നിസാരമായി നല്‍കുന്നവരാണ് അധികപേരും. ആ നിര്‍ദേശം സ്വയമോ അല്ലാതെയോ അതേപടി സ്വീകരിക്കുന്നവരും ഏറെയാണ്.
എന്നാല്‍ പാരസെറ്റമോള്‍ ഉപയോഗിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ട്. അതില്‍ പ്രധാനം ഇതിന്റെ അളവാണ്. മുതിര്‍ന്നവരാണെങ്കില്‍ നാല് ഗ്രാമിലധികം പാരസെറ്റമോള്‍ ദിവസത്തില്‍ കഴിക്കരുത്. അതുപോലെ തന്നെ പതിവായി എന്ത് വിഷമതകള്‍ക്കും പാരസെറ്റമോളില്‍ അഭയം പ്രാപിക്കരുത്. ഇത് പില്‍ക്കാലത്ത് കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കാം.
പാരസെറ്റമോൾ എന്നല്ല മറ്റെന്തുതന്നെ മരുന്നാണെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ഇവ ഇഷ്ടാനുസരണം എപ്പോഴും കഴിക്കരുത്.ഇത് ഭാവിയല്‍ സങ്കീര്‍ണമായ പ്രശ്‌നങ്ങളിലേക്ക് നമ്മെ നയിച്ചേക്കാമെന്ന് ഓര്‍ക്കുക.
 
എല്ലാവര്‍ക്കും അറിയാവുന്ന പോലെ പനിക്ക് കൊടുക്കുന്ന മരുന്നാണ് പാരസെറ്റമോൾ.പലതരം ബ്രാന്‍ഡില്‍ പാരസെറ്റമോൾ മരുന്ന് ഇന്ന് ലഭ്യമാണ്.പേര് പലതാണെങ്കിലും കെമിക്കൽ നെയിം അഥവാ ജെനറിക് നാമം ഒന്നാണ്. പാരസെറ്റമോൾ പനിക്ക് മാത്രമല്ല, വേദനസംഹാരിയായും പല അവസ്ഥകളിലും ഉപയോഗിക്കുന്നു.എന്നുകരുതി എന്തിനും ഏതിനും പാരസെറ്റമോൾ എടുത്തുകഴിച്ചാൽ മോൾക്ക് മാത്രമല്ല അമ്മയ്ക്കും ചിലപ്പോൾ അത് പാരയാകും.
 
 അമ്മമാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില പാരസെറ്റമോൾ വിശേഷങ്ങൾ
 
1.പാരസെറ്റമോൾ മരുന്ന് എപ്പോൾ കൊടുക്കണം?
 
വീട്ടില്‍ തെര്‍മോമീറ്റര്‍ ഉള്ളവര്‍ക്ക് കുഞ്ഞിന്റെ ചൂട് പരിശോധിക്കാം. 38.4 ഡിഗ്രീ സെല്‍ഷ്യസ്/ 100.4 ഫാരന്‍ ഹീറ്റിന്  മുകളിൽ ഉണ്ടെങ്കില്‍  പാരസെറ്റമോൾ മരുന്ന് കൊടുക്കുകയും വേണം. 
 
2.ഒരിക്കൽ കൊടുത്താൽ എത്ര ഇടവേളകളിൽ മരുന്നു കൊടുക്കാം?
 
ഒരിക്കൽ നൽകിയാൽ പാരസെറ്റമോൾ മരുന്ന് 6 മണിക്കൂർ ഇടവേളകളിൽ നൽകാം. അങ്ങനെ ഒരു ദിവസം നാല് തവണ വരെ നൽകാവുന്നതാണ്.
 
3.സിറപ്പാണോ, ഗുളികയാണോ സപ്പോസിറ്ററി മരുന്നാണോ പനിക്ക് നല്ലത്?
 
പനിക്ക് ഏത് രൂപത്തിലും പാരസെറ്റമോൾ മരുന്ന് നൽകാം. സിറപ്പ് നൽകിയാലും സപ്പോസിറ്ററി (മലദ്വാരത്തിൽ വയ്ക്കുന്ന രീതി) ഒരുപോലെ നല്ലത് തന്നെ.
 
4.സപ്പോസിറ്ററി മരുന്ന് എങ്ങനെയുള്ള കുട്ടികൾക്ക് നൽകാം?
 
വായിൽ കൂടി മരുന്ന് കഴിക്കാൻ ബുദ്ധിമുട്ട് ഉള്ള എല്ലാ അവസ്ഥകളിലും, മടിയുള്ള കുട്ടികളിലും നൽകാം. ഉദാഹരണത്തിന് തുടർച്ചയായ ഛർദ്ദിൽ, ജെന്നി വരുന്ന കുട്ടികൾ, മയങ്ങി കിടക്കുന്ന, ഉറക്കത്തിൽ, ഓപ്പറേഷന് ശേഷം മയക്കത്തിൽ ഉള്ള കുട്ടികൾക്കെല്ലാം നൽകാം.
 
5.സപ്പോസിറ്ററി മരുന്ന് നൽകുമ്പോൾ സിറപ്പ് നൽകുന്നതിനേക്കാൾ പെട്ടെന്ന് പനി കുറയുമോ?
 
സാധാരണ കഠിനമായ പനിയുള്ള കുട്ടിക്ക് സിറപ്പ് നൽകിയിട്ടും കുറയാതെ വരുന്ന അവസ്ഥയില്‍ സപ്പോസിറ്ററി  നൽകാവുന്നതാണ്. പെട്ടെന്ന് കുറയാൻ നല്ലതെന്ന ധാരണ നിലവിലുണ്ട്. പക്ഷേ പാരസെറ്റമോൾ മാക്സിമം ഡോസ് (15mg per kilogram per dose)  സപ്പോസിറ്ററി ആയാലും സിറപ്പായാലും ഒരുപോലെ തന്നെയാണ് പനി കുറയ്ക്കുന്നത് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. 
 
6.മരുന്നു നൽകിയാൽ എത്ര സമയം കൊണ്ട് പനി കുറയും?
 
പാരസെറ്റമോൾ നൽകിയാലും പനി കുറയാൻ അരമണിക്കൂർ സമയമെടുക്കും. മരുന്ന് രക്തത്തിൽ കലർന്ന് പ്രവർത്തിക്കാൻ എടുക്കുന്ന സമയം ആണിത്.
 
7.പാരസെറ്റമോൾ ഡോസ് കണക്കാക്കുന്നതെങ്ങനെ?
 
കുട്ടിയുടെ തൂക്കം അനുസരിച്ചാണ്, പ്രായം അനുസരിച്ചല്ല ഡോസ് കണക്കാക്കുന്നത്. മരുന്നിന്റെ ഡോസ്  കണക്കാക്കുന്ന രീതി ഇങ്ങനെയാണ്. ( 10-15 mg per kilogram per dose )
 
8.പാരസെറ്റമോൾ സിറപ്പ് എത്ര തരമുണ്ട്?
 
പലതരം ശക്തിയിലുള്ള സിറപ്പ് ഉണ്ട്. 
Paracetamol Drops 100mg/ml
Paracetamol Syrup  120mg/5ml – 
Paracetamol Syrup  250mg/5ml
 
9.ഡോസ് നിശ്ചയിക്കുന്നത് എങ്ങനെ?ഉദാഹരണത്തിന്, 10 കിലോ തൂക്കമുള്ള കുട്ടിക്ക് എത്ര ഡോസ് വേണം? 
 
ഡോസ് കണക്കാക്കുന്ന ഫോര്‍മുല ഇങ്ങനെയാണ്  
 
 കുട്ടിക്ക് വേണ്ട ഡോസ് 10 മുതല്‍ 15 mg per കിലോഗ്രാം per dose.. 10- 15mg/kg/dose.
10 കിലോ  തൂക്കമുള്ള  കുട്ടിക്ക് 
 
10 X 10 = 100mg (minimum dose)
10 X 15 = 150mg (maximun dose)
അതായത് 1 മുതല്‍ 1.5ml വരെ കുട്ടിക്ക് നല്‍കാം.
 
*Syrup 120mg/5ml ആണെങ്കില്‍ 1ml =25mg ഡോസ് വേണ്ടത് കണക്ക്  കൂട്ടുന്നത്  ഇങ്ങനെ 
10 X 10 = 100 mg= 4ml 
15 X10  = 150 = 6ml
4 മുതല്‍ 6ml വരെ ഉള്ളത് 
 
ഇനി 250mg/5ml സിറപ്പ് ആണ് ഉള്ളതെങ്കില്‍ 
1ml-50mg—– 10 X 10 = 100 = 2ml
15 X 10 = 150 = 3ml
രണ്ടു മുതല്‍ മൂന്നു വരെ പരമാവധി നല്‍കാം.
 
10.എല്ലാ കുട്ടികൾക്കും ഒരുപോലെ പാരസെറ്റമോൾ മരുന്ന്‍ പരമാവധി ഡോസ് നൽകാമോ?
 
ഇല്ല. പ്രത്യേകിച്ചും കരൾ രോഗം ഉള്ള കുട്ടികൾ, മഞ്ഞപ്പിത്തം അതുപോലെ Liver Enzymes അളവ് കൂടിയ കുട്ടികൾക്ക് പാരസെറ്റമോൾ പരമാവധി അളവ് (15mg/kilogram/dose) നൽകാൻ ആവില്ല. ഡോക്ടറുടെ നിർദ്ദേശ പ്രകാരം അളവ് കുറച്ച് മാത്രമേ പാരസെറ്റമോൾ പനിക്ക് നൽകാനാകൂ.
 
11.മുലയൂട്ടുന്ന അമ്മയ്ക്ക് പനിക്ക് പാരസെറ്റമോൾ മരുന്ന് സുരക്ഷിതമോ?
 
മുലയൂട്ടുന്ന അമ്മമാരിൽ തീർത്തും സുരക്ഷിതമാണ് പാരസെറ്റമോൾ മരുന്ന്. പനിക്ക് മാത്രമല്ല വേദനയ്ക്കും ഉപകാരപ്രദം. കരൾ രോഗം ഉള്ള അമ്മമാർ മരുന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ.
 
12.പാരസെറ്റമോൾ അളവ് അമിതമായാൽ കുട്ടിക്ക് ദോഷം ചെയ്യുമോ?
 
തീർച്ചയായും… പലപ്പോഴും വീട്ടിൽ അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന മരുന്ന് എടുത്തു കുടിച്ചു കുട്ടികളെ ആശുപത്രിയിൽ എത്തിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. പാരസെറ്റമോൾ പനി കുറയ്ക്കുമെങ്കിലും ഡോസ് അമിതമായാല്‍  ജീവന് അപകടം വരുത്തും. കുട്ടിയുടെ തൂക്കവുമായി കണക്കുകൂട്ടി നോക്കി അളവ് നിശ്ചയിച്ച് പ്രസ്തുത അളവ് ( Fatal dose ) മാരകമായ ഡോസ്  ആണെങ്കിൽ പ്രതി മരുന്ന് ഉടൻ കുട്ടിക്ക് നൽകണം. അത് കുട്ടിയുടെ ജീവൻ രക്ഷിക്കും. വയർ കഴുകിയത് കൊണ്ട് മാത്രം കാര്യമില്ല. ശ്രദ്ധിക്കുക ചെറിയൊരു ശ്രദ്ധക്കുറവിൽ മരുന്ന് മാരക അളവിൽ കഴിച്ചാൽ കരൾ നാശം വരെ സംഭവിക്കാം. ഒരിക്കലും മരുന്ന് അലക്ഷ്യമായി സൂക്ഷിക്കാതിരിക്കുക. കൂടാതെ ഒരിക്കല്‍ ഉപയോഗിച്ച് ബാക്കി വരുന്ന മരുന്ന് പരമാവധി വീണ്ടും നല്‍കാതിരിക്കുക.
 
13.പാരസെറ്റമോൾ അമിത അളവില്‍ കഴിച്ചാല്‍ ലക്ഷണങ്ങള്‍ എന്തൊക്കെ?
 
അലക്ഷ്യമായി സൂക്ഷിച്ചിരിക്കുന്ന മരുന്ന് കുട്ടി അമിതമായി എടുത്തു കുടിച്ചാല്‍ ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക. ആദ്യ മണിക്കൂറില്‍ തന്നെ ഛർദ്ദിൽ, വയറുവേദന എന്നീ ലക്ഷണങ്ങള്‍ കാണിക്കും.കരള്‍ നാശം വരെ സംഭവിക്കാം.

Back to top button
error: