ഓണസദ്യ വാഴയിലയിൽ വിളമ്പി കഴിക്കുമ്പോഴാണ് അതിൻ്റെ യഥാർത്ഥ രുചി ആസ്വദിക്കാൻ കഴിയുന്നത്. പുരാതനകാലം മുതൽ കേരളീയർ പൊതുവെ വാഴയിലയിലാണ് ഭക്ഷണം കഴിക്കുന്നത്. വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന് പിന്നിൽ നിരവധി ഗുണങ്ങളുണ്ട്. ശാസ്ത്രീയമായ കാരണങ്ങൾ മുതൽ പൊതുവായ ചില സൗകര്യങ്ങൾ വരെ ഇതിനു പിന്നിലുണ്ട്. പുരാതന പാരമ്പര്യമനുസരിച്ച് അതിഥികൾക്ക് ഇലയുടെ മുകൾഭാഗത്ത് ഭക്ഷണം വിളമ്പണം. ആതിഥേയർ ഇലയുടെ താഴ് ഭാഗത്ത് നിന്നു കഴിക്കണം.
വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിൻ്റെ പൊതുവായ ഗുണങ്ങൾ നോക്കാം
വാഴയിലയുടെ വലിപ്പം
വാഴയില വളരെ വലുതാണ്. അതിനാൽ ഓണസദ്യയിലെ എല്ലാ വിഭവങ്ങളും സമ്പൂർണമായി ഉൾക്കൊള്ളാൻ വാഴയിലയ്ക്ക് കഴിയും.
വെള്ളം കയറില്ല
വാഴയിൽ വെള്ളം ഒഴുകി പോകുന്നതിനാൽ ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കാം. നിങ്ങളുടെ വസ്ത്രങ്ങളൊന്നും ഇതു മൂലം ചീത്തയാകില്ല. ഭക്ഷണത്തിന് ഉപയോഗിക്കുന്ന നെയ്യും എണ്ണയുമൊന്നും വാഴയിലയിൽ ഒട്ടിപ്പിടിക്കുകയില്ല. അതിനാൽ ബുദ്ധിമുട്ടുകൾ നേരിടാതെ ഭക്ഷണം പൂർണമായും ആസ്വദിക്കാൻ കഴിയും.
നിരവധി ആരോഗ്യഗുണങ്ങൾ
ഗ്രീൻ ടീ പോലെ വാഴയിലയിലും ആൻ്റി ഓക്സിഡൻ്റ് ഗുണങ്ങളുണ്ട്. ആൻ്റി ഓക്സിഡൻ്റ് മാത്രമല്ല ആൻ്റീ ബാക്റ്റിരിയൽ ഗുണങ്ങളുമുണ്ട്. ഇത് ഭക്ഷണത്തിലെ അണുക്കളെ നശിപ്പിക്കും.
വാഴയിലയിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ കാൻസറിനെ പ്രതിരോധിക്കുമെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ ഒരു ചൈനീസ് ഗവേഷണത്തിൽ, പാർക്കിസൺസ് രോഗം ബാധിച്ചവരെ സഹായിക്കാൻ വാഴയിലയ്ക്കു കഴിയുമെന്നും കണ്ടെത്തിയിട്ടുണ്ട്
പരിസ്ഥിതി സൗഹൃദം
ഡിസ്പോസിബിൾ പ്ലേറ്റ്കളുടെ കാര്യം വരുമ്പോൾ നമ്മളിൽ ഭൂരിഭാഗവും ഉപയോഗിക്കുക പ്ലാസ്റ്റിക് പ്ലേറ്റുകളോ സ്റ്റൈറോഫോം പ്ലേറ്റുകളോ അല്ലെങ്കിൽ പ്ലാസ്റ്റിക് പൂശിയ പേപ്പർ പ്ലേറ്റുകളോ ആണ്. ഈ പ്ലേറ്റുകൾ വിഘടിക്കാൻ വർഷങ്ങളെടുക്കും. അതിനാൽ അവ മലിനീകരണം പരത്തുന്നു. എന്നാൽ വാഴയില മികച്ച പരിസ്ഥിതി സൗഹൃദ ബദലാണ്. അവ അതിവേഗം വിഘടിക്കുകയും മണ്ണിൻ്റെ മാലിന്യം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു
രാസവസ്തുക്കളിൽ മുക്തം
പ്ലാസ്റ്റിക് പ്ലേറ്റുകളോ സ്റ്റീൽ പ്ലേറ്റുകളോ സോപ്പോ അല്ലെങ്കിൽ ഡിറ്റർ ജെൻ്റുകളോ ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ ഈ ഡിറ്റർജൻ്റുകളുടെ ദോഷകരമായ രാസവസ്തുക്കൾ പ്ലേറ്റുകളിൽ പറ്റി നിൽക്കുന്നു. ഈ രാസവസ്തുക്കൾ ഭക്ഷണത്തിൽ കലരുകയും, ആരോഗ്യത്തിന് അപകടകരമായ രാസവസ്തുക്കൾ പരോക്ഷമായി നാം കഴിക്കുകയും ചെയ്യുന്നു. എന്നാൽ വാഴയിലയില്‍ ഭക്ഷണം കഴിച്ചാൽ ദോഷകരമായ നിരവധി രാസവസ്തുക്കളിൽ നിന്ന് അത് നമ്മെ സംരക്ഷിക്കുന്നു.