ചെന്നൈ :പരീക്ഷകളില്‍ തന്റെ മകനേക്കാൾ മികച്ച മാർക്ക് നേടിയ വിദ്യാർത്ഥിയെ സഹപാഠിയുടെ അമ്മ വിഷം കൊടുത്ത് കൊന്നു.
കാരയ്ക്കല്‍ ആണ് സംഭവം ഉണ്ടായത്. ബാലമണികണ്ഠന്‍ എന്ന വിദ്യാര്‍ത്ഥി ഇന്നലെ ക്ലാസ് കഴിഞ്ഞു വീട്ടിലെത്തിയതിനു പിന്നാലെ ഛര്‍ദിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍, വിഷം അകത്തുചെന്നിട്ടുണ്ടാവാമെന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരന് ജൂസ് നല്‍കിയിരുന്നതായി കുട്ടി വെളിപ്പെടുത്തിയത്.
ഇതനുസരിച്ച് സ്‌കൂളിലെ സുരക്ഷാ ജീവനക്കാരന്‍ ദേവദാസിനെ മാതാപിതാക്കളും സ്‌കൂള്‍ അധികൃതരും ചോദ്യം ചെയ്തു. കുട്ടിയുടെ ബന്ധുവെന്നു പറഞ്ഞെത്തിയ സ്ത്രീയാണ് ജൂസ് പാക്കറ്റ് നല്‍കാന്‍ ഏല്‍പ്പിച്ചതെന്നായിരുന്നു ഇയാളുടെ മൊഴി. തുടര്‍ന്നു സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു മറ്റൊരു കുട്ടിയുടെ അമ്മയാണ് സുരക്ഷാ ജീവനക്കാരന് ജൂസ് പാക്കറ്റ് കൈമാറിയതെന്നു കണ്ടെത്തിയത്.
മണികണ്ഠന്റെ അമ്മയുടെ പരാതിയില്‍ കാരയ്ക്കല്‍ സിറ്റി പൊലീസ് സഹപാഠിയുടെ അമ്മയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണു ക്രൂരതയുടെ കാരണം വെളിപ്പെടുത്തിയത്. പരീക്ഷകളില്‍ തന്റെ മകനേക്കാള്‍ മണികണ്ഠന്‍ മികച്ച മാര്‍ക്കു നേടുന്നതാണു വിഷം നല്‍കാനുള്ള കാരണമെന്നാണു മൊഴി.
ചികിത്സയിലിരിക്കെ രാത്രി വൈകി മണികണ്ഠന്‍ മരിച്ചു.