ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമം 302 ാം വകുപ്പു പ്രകാരം കൊലക്കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവില്‍ കുറഞ്ഞ ശിക്ഷ നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാളുടെ ശിക്ഷാ കാലാവധി കുറച്ച മധ്യപ്രദേശ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്.
കൊലപാതക കേസില്‍ 1995 ലാണ് നന്ദു എന്നയാള്‍ക്ക് വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. നന്ദുവിനും കൂട്ടുപ്രതികള്‍ക്കുമെതിരെ, ഐ.പി.സി. 302, 304, 147, 148 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ തെളിഞ്ഞെന്നു വിലയിരുത്തിയായിരുന്നു വിധി. ഇതിനെതിരെ നന്ദു നല്‍കിയ അപ്പീലില്‍, ശിക്ഷ ശരിവച്ചെങ്കിലും ഹൈക്കോടതി ശിക്ഷാ കാലവധി കുറയ്ക്കുകയായിരുന്നു.
ശിക്ഷാ കാലാവധി കുറച്ച ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് മധ്യപ്രദേശ് സര്‍ക്കാരാണ് സുപ്രീം കോടതിയെ സമീപിച്ചത്. കൊലപാതകക്കുറ്റം ഹൈക്കോടതി ശരിവച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ കുറഞ്ഞ ശിക്ഷ ജീവപര്യന്തം ആയിരിക്കണമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഐ.പി.സി. 302 പ്രകാരമുള്ള കുറ്റങ്ങള്‍ക്കു ശിക്ഷ നിയമപ്രകാരം ജീവപര്യന്തം തടവോ തൂക്കുമരമോ ആണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ കുറഞ്ഞ ശിക്ഷ ജീവപര്യന്തം തടവാണ്. അതില്‍ കുറഞ്ഞ ഏതു ശിക്ഷയും നിയമത്തില്‍ അനുശാസിക്കുന്നതിനു വിരുദ്ധമാവുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.