NEWS

തോടുകൾ പലതും കാണാനില്ല;നാടിനെ മുക്കി മഴവെള്ളപ്പാച്ചിൽ

പത്തനംതിട്ട : ഉണ്ടായിരുന്ന തോടുകളെല്ലാം കൈയ്യേറി മണ്ണിട്ട് നികത്തിയതോടെ ഒറ്റ മഴയ്ക്ക് നാട് മുങ്ങുന്ന അവസ്ഥയാണ് പത്തനംതിട്ടയിൽ പലയിടത്തും.
തോടുകള്‍ കയ്യേറുന്നതും റോഡുകള്‍ക്ക് മതിയായ ഓടകളില്ലാത്തതും കാരണം ജില്ലയില്‍ വെള്ളപ്പൊക്ക മേഖലകള്‍ കൂടുകയാണ്.
കഴിഞ്ഞ ദിവസങ്ങളിലെ മഴയെ തുടര്‍ന്ന് ഇതുവരെ വെള്ളപ്പൊക്കം ഉണ്ടാകാത്ത പല മേഖലകളിലും വെള്ളം കയറി ജനജീവിതം സ്തംഭിച്ചു.പത്തനംതിട്ട നഗരത്തില്‍ സെന്റ് പീറ്റേഴ്സ്, സ്റ്റേഡിയം ജംഗ്ഷന്‍, വെട്ടിപ്രം ഭാഗങ്ങളി തോടുകള്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. വെട്ടിപ്രത്തെ ഗോഡൗണിലും എസ്.പി ഓഫീസ് റോഡിലും വെള്ളം കയറാന്‍ ഇതു കാരണമായി. സ്റ്റേഡിയം ജംഗ്ഷനിലെ കടകളില്‍ ഇതാദ്യമായി വെള്ളം കയറി. തോടുകള്‍ക്ക് സമീപം അശാസ്ത്രീയ നിര്‍മ്മാണങ്ങളും മണ്ണെടുപ്പും വ്യാപകമാണ്.
നദികളില്‍ ജലനിരപ്പ് ഉയരുന്നതോടെയുണ്ടാകുന്ന പ്രളയം സാധാരണയാണെങ്കിലും മണിക്കൂറുകള്‍ മഴ പെയ്തതോടെ വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായത് സമീപകാലത്ത് ആദ്യ അനുഭവമാണ്.
ജില്ലയില്‍ പല പ്രധാന ടൗണുകളും റോഡുകളും തിങ്കളാഴ്ച രാവിലെ വെള്ളക്കെട്ടിലായിരുന്നു.
 അപ്രതീക്ഷിതമായ പ്രാദേശിക പ്രളയം നഷ്ടമുണ്ടാക്കിയത് ഏറെയും വ്യാപാരികള്‍ക്കാണ്. ചുങ്കപ്പാറ, വെണ്ണിക്കുളം, റാന്നി, പത്തനംതിട്ട തുടങ്ങിയ ടൗണ്‍ മേഖലകളില്‍ വെള്ളം കയറി. തോടുകള്‍ കരകവിഞ്ഞും പാടങ്ങള്‍ നിറഞ്ഞുമാണ് വെള്ളം എത്തിയതെങ്കിലും പെയ്തിറങ്ങിയ മഴയില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകാന്‍ ഇടംകൂടി ഇല്ലാതായതോടെ പ്രളയ സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

Back to top button
error: