കോഴിക്കോട്: ഗുരുവായൂരപ്പന്‍ കോളേജില്‍ ചന്ദന മര മോഷണം. പി ജി ബ്ലോക്കിന് മുന്‍ വശത്ത് നിന്ന രണ്ട് ചന്ദന മരങ്ങളാണ് കട്ടിംഗ് മെഷീന്‍ ഉപയോഗിച്ച് മുറിച്ച് കടത്തിയത്. കോളേജ് അധികൃതരുടെ ഒത്താശയോടെയാണ് കൊളളയെന്നാരോപിച്ച് എസ് എഫ് ഐ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങി.
ചൊവ്വാഴ്ച രാവിലെയാണ് പിജി ബ്ലോക്കിന് മുന്നിലെ രണ്ട് ചന്ദന മരങ്ങള്‍ മുറിച്ചു മാറ്റിയ നിലയില്‍ കണ്ടെത്തിയത്. സമീപത്ത് മറ്റൊരു ചന്ദന മരം മുറിക്കാനും ശ്രമം നടത്തിയിട്ടുണ്ട്. സിസിടിവി ക്യാമറക്ക് മുന്നില്‍ നിന്ന മരങ്ങളാണ് മുറിച്ചു കടത്തിയത്. നേരത്തെയും സമാനമായ രീതിയില്‍ ക്യാമ്പസിലെ ചന്ദനമരം മോഷണം പോയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് മുറിച്ച് മാറ്റിയ ചന്ദനമരത്തിന്‍റെ ശിഖരങ്ങളുമായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.
പ്രിന്‍സിപ്പലിന്‍റെ പരാതിയില്‍ കസബ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വനം വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. മരം മുറിച്ച സ്ഥലത്തിനു സമീപത്തെ കെട്ടിടങ്ങളില്‍ സംഭവ ദിവസം വൈദ്യുതി ഉണ്ടായിരുന്നില്ല എന്നാണ് കോളേജ് പ്രിന്‍സിപ്പല്‍ പറയുന്നത്. അതിനാല്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ലെന്നും പ്രിന്‍സിപ്പലിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.