കേരളത്തിന്റെ മുഖ്യമന്ത്രി സല്യൂട്ട് ചെയ്യുന്ന ഈ മനുഷ്യന്റെ പേര് കരീം എന്നാണ്. സെക്രട്ടറിയേറ്റ് കൺടോൺമെന്റ് ഗേറ്റിൽ ഏതോ ഒരു നിയോഗം പോലെ ട്രാഫിക് നിയന്ത്രണവും മറ്റു ക്രമീകരണങ്ങളും എല്ലാം സ്വയം ഏറ്റെടുക്കുന്ന കരീമിക്ക.
ആരും പറഞ്ഞിട്ടല്ല, ഒന്നും വാങ്ങിയിട്ടുമല്ല.
കരീമിനിത് നിയോഗമാണ്. മന്ത്രിമാരേയും സെക്രട്ടറിമാരേയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയുമെല്ലാം ചിട്ടയാർന്ന കാവലാൾ പോലെ കരീം തടസമില്ലാതെ കടത്തിവിടാൻ ഓടി നടക്കും. അഭിവാദ്യം ചെയ്യും.
എൻട്രി പാസ് എടുക്കുന്ന മനുഷ്യർക്കും കരീമിന്റെ കരുതലുണ്ട്.
ഔദ്യോഗിക സെക്യൂരിറ്റി ഉദ്യോഗസ്ഥരും പോലീസുമൊക്കെ കൺടോൺമെന്റ് ഗേറ്റിൽ കരീമിന് ‘കീഴിലാണ്’ പ്രവർത്തിക്കുന്നത് എന്നു തോന്നും. കരീമിക്കായുടെ സ്നേഹവും അടുപ്പവും അനുഭവിച്ചിട്ടുണ്ട്.
എല്ലാ ദിവസവും പലവട്ടം കിട്ടുന്ന അഭിവാദ്യത്തിന് എത്ര ഊഷ്മളമായാണ് സ. പിണറായി പ്രത്യഭിവാദ്യം ചെയ്യുന്നത്.
നിറഞ്ഞ ഓണാനുഭവമാണ് ഈ ചിത്രം.
കരീമിക്കയുടെ കൈയ്യിൽ ദിവസവും നിറയെ മിട്ടായിയും ഉണ്ടാകും. ഇഷ്ടക്കാർക്കും, പരിചയക്കാർക്കുമെല്ലാം സമ്മാനമായി മുട്ടായിയും ഉണ്ടാകും, ഒപ്പം മനം നിറഞ്ഞ ചിരിയും…