പുനലൂര്‍: താലൂക്ക് ആശുപത്രിയില്‍ അസ്ഥിരോഗ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടേത് ഉള്‍പ്പെടെ ശസ്ത്രക്രിയ നടത്താന്‍ തീയേറ്റര്‍ അനുവദിച്ചില്ലെന്ന ആരോപണത്തെച്ചൊല്ലി ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ. ആശുപത്രി സൂപ്രണ്ട് തീയേറ്റര്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചു മറ്റൊരു ഡോക്ടര്‍ തന്നെ രംഗത്തെത്തുകയും ചെയ്തതോടെ പിന്തുണയുമായി രോഗിയുടെ ബന്ധുക്കളും കളിത്തിലിറങ്ങി. ഇതോടെ ചൂടേറിയ വാക്കേറ്റത്തിന് ആശുപത്രി വേദിയായി.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ശസ്ത്രക്രിയയ്ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കുകയും രോഗിയെ തയാറാക്കുകയും ചെയ്ത ശേഷം തീയേറ്റര്‍ അനുവദിച്ചില്ലെന്ന് ആരോപിച്ച് കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസര്‍ ഡോ. അന്‍വര്‍ അബ്ദുല്‍ ഖാദര്‍ ആണ് ശസ്ത്രക്രിയ നിശ്ചയിക്കപ്പെട്ട രോഗികളുമായി പ്രതിഷേധിച്ചത്.
ആശുപത്രി സൂപ്രണ്ടിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഡോ. അന്‍വര്‍ പിന്നീട് പരസ്യമായി രംഗത്തുവന്നു. താലൂക്ക് ആശുപത്രിയില്‍ എത്തുന്ന പല കേസുകളും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണ്. കഴിഞ്ഞ ബുധനാഴ്ച നിശ്ചയിച്ചിരുന്ന നാലു മേജര്‍ ശസ്ത്രക്രിയകളാണു മുടങ്ങിയത്. ഒഴിഞ്ഞു കിടക്കുന്ന തീയേറ്ററും ശസ്ത്രക്രിയ നല്‍കാന്‍ അനുവദിക്കുന്നില്ല. അഴിമതിക്കെതിരേ പ്രതികരിക്കുന്നതിനാല്‍ സൂപ്രണ്ട് നിരന്തരം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയാണെന്നും ഡോക്ടര്‍ ആരോപിച്ചു.
തീയേറ്ററുകള്‍ ഒഴിഞ്ഞു കിടക്കുന്നതിന്റെ വീഡിയോ കയ്യിലുണ്ടെന്നും ഡോ. അന്‍വര്‍ പറഞ്ഞു. ആഴ്ചകള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ എത്തിയ ഒരാളെ സുരക്ഷാ ജീവനക്കാര്‍ ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ കണ്ടു പ്രതികരിച്ചതിന് ശേഷം തന്നോടു പ്രതികാര നടപടിയാണ് പിന്തുടരുന്നത്. 2 ഇടുപ്പുകളും വൈകല്യമുള്ള പെണ്‍കുട്ടിക്കു വിജയകരമായി ശസ്ത്രക്രിയ താന്‍ നടത്തിയപ്പോള്‍ അതു വലിയ വിജയമാണെന്നു അവകാശപ്പെട്ട സൂപ്രണ്ട് തന്നെയാണ് ഇപ്പോള്‍ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഡോ. അന്‍വര്‍ പറഞ്ഞു.
എന്നാല്‍, ശസ്ത്രക്രിയ തടസപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സൂപ്രണ്ട് ഡോ. ആര്‍. ഷാഹിര്‍ഷ പ്രതികരിച്ചു. ആരോപണം ഉന്നയിച്ച ഡോക്ടര്‍ കാഷ്വല്‍റ്റി മെഡിക്കല്‍ ഓഫിസറാണ്. ഓര്‍ത്തോപീഡിഷ്യന്‍ അല്ല. സ്‌പെഷല്‍റ്റി ശസ്ത്രക്രിയ ചെയ്യുന്നതിനായി തിങ്കളാഴ്ച അനുമതി കൊടുത്തിരുന്നു. മറ്റു ദിവസങ്ങളിലും ഇതു വേണ്ടിവരുന്നതു ബുദ്ധിമുട്ടായതിനാല്‍ നോട്ടീസ് നല്‍കിയിരുന്നു. പരിധിയില്‍ കവിഞ്ഞ് ശസ്ത്രക്രിയ ബുക്ക് ചെയ്യുകയും ഒന്നോ, രണ്ടോ എണ്ണം നടത്തിയ ശേഷം മറ്റുള്ളവ മാറ്റിവയ്പ്പിക്കുകയും ആണ് ചെയ്യുന്നത്. രാവിലെ എട്ടിന് ശസ്ത്രക്രിയ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. വ്യാജപ്രചാരണത്തിനെതിരേ
നിയമ നടപടി സ്വീകരിക്കുമെന്നും സൂപ്രണ്ട് പറഞ്ഞു.