വായുവിൽ നിന്ന് കുടിവെള്ളം…! ഇൻഡ്യയിൽ ആദ്യമായി 6 റെയിൽവേ സ്റ്റേഷനുകളിൽ മെഷീനുകൾ സ്ഥാപിക്കും, നൂതനമായ ഈ സാങ്കേതികവിദ്യയ്ക്ക് ഐക്യരാഷ്ട്രസഭ അംഗീകാരം നൽകി
സെൻട്രൽ റെയിൽവേയുടെ മുംബൈ ഡിവിഷനിലെ ആറ് റെയിൽവേ സ്റ്റേഷനുകളിൽ വായുവിൽ നിന്ന് ജലം ഉൽപാദിപ്പിക്കുന്ന സാങ്കേതിക വിദ്യയിലൂടെ ഇനി കുടിവെള്ളം ലഭ്യമാക്കും. ഈ സാങ്കേതികവിദ്യ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതാണ്. വായുവിലെ നീരാവിയെ ശുദ്ധമായ കുടിവെള്ളമാക്കി മാറ്റാൻ മേഘദൂത് എന്നറിയപ്പെടുന്ന എ.ഡബ്ല്യു.ജി (Atmospheric Water Generator – AWG) നൂതന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
വായുവിൽ നിന്ന് ആയിരം ലിറ്റർ വെള്ളം
ഇത് സ്വിച്ച് ഓൺ ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വെള്ളം ഉണ്ടാക്കാൻ തുടങ്ങുകയും ഒരു ദിവസം 1000 ലിറ്റർ വെള്ളം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 18 മുതൽ 45 ഡിഗ്രി സെൽഷ്യസ് താപനിലയിലും 25 മുതൽ 100 ശതമാനം ഈർപ്പമുള്ള അവസ്ഥയിലും ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാം. മൈത്രി അക്വാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കംപനിക്ക് 17 എ.ഡബ്ല്യു.ജി കിയോസ്‌കുകൾ സ്ഥാപിക്കുന്നതിന് അഞ്ച് വർഷത്തേക്ക് കരാർ നൽകിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.
ജല ഉൽപാദനത്തിനായി കംപനി മുമ്പ് സിഎസ്ഐആർ, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് കെമികൽ ടെക്നോളജി ഹൈദരാബാദ് എന്നിവയുമായി സഹകരിച്ചിട്ടുണ്ട്. നിലവിൽ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ടെർമിനസിലും ദാദറിൽ അഞ്ച് വീതവും താനെയിൽ നാല്, കുർള, ഘട്കോപ്പർ, വിക്രോളി എന്നിവിടങ്ങളിൽ ഓരോന്നും വെള്ളത്തിന്റെ കിയോസ്‌കുകൾ സ്ഥാപിക്കും. ആറ് സ്റ്റേഷനുകളിലെ കിയോസ്‌കുകൾക്ക് പ്രതിവർഷം 25.5 ലക്ഷം രൂപ ലൈസൻസ് ഫീസായി റെയിൽവേക്ക് ലഭിക്കും.
ഒരു ലിറ്റർ വെള്ളത്തിന് 12 രൂപ
കിയോസ്കിൽ നിന്ന് യാത്രക്കാർക്ക് അഞ്ച് രൂപ നൽകിയാൽ 300 മിലി ലിറ്ററിന്റെ കുപ്പി നിറയ്ക്കാം. എട്ട് രൂപ നൽകിയാൽ 500 മിലി ലിറ്ററും 12 രൂപ നൽകിയാൽ ഒരു ലിറ്റർ കുപ്പിയും നിറയ്ക്കാമെന്നും കംപനി അറിയിച്ചു. കുപ്പിയും കൂടി വേണമെങ്കിൽ യാത്രക്കാർ 300 മിലി ലിറ്ററിന് ഏഴു രൂപയും 500 മിലി ലിറ്ററിന് 12 രൂപയും ഒരു ലിറ്ററിന് 15 രൂപയും നൽകണം.