കൊല്ലം: ഓണത്തിന് സഞ്ചാരികളെ വരവേൽക്കാൻ തെന്മലയിൽ ഒരുക്കങ്ങൾ ആരംഭിച്ചു.ഇക്കോ ടൂറിസം സെന്ററിലെ സാഹസിക സോണിൽ പഴയ വിനോദ ഉപകരണങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.പ്രളയവും കൊവിഡും കാരണം കഴിഞ്ഞ രണ്ടുവർഷം ഓണത്തിന് ആളനക്കമില്ലാതെ കിടന്ന ടൂറിസം കേന്ദ്രങ്ങൾ ഇക്കുറി സഞ്ചാരികളെ കൊണ്ട് നിറയുമെന്ന പ്രതീക്ഷയിലാണ് നടത്തിപ്പുകാർ.
യുവജനങ്ങളെയും കുട്ടികളെയും ലക്ഷ്യമിട്ട് സാഹസിക സോണിലാണ് പുതിയ റൈഡുകൾ ഒരുങ്ങുന്നത്.വാട്ടർ റോളർ, ട്രാംപോളിൻ, സോർബിംഗ് ബോൾ, അമ്പെയ്ത്ത്, ബർമാ ബ്രിഡ്ജ്, സ്‌പൈഡർ നെറ്റ്, ടണൽ വാക്ക്, നെറ്റ് ടണൽ, ഫ്‌ളൈയിംഗ് ഫോക്സ്, ഏരിയൽ സ്‌കേറ്റിംഗ് തുടങ്ങിയവയാണ് പുതുതായി സ്ഥാപിക്കുന്നത്.
ഷൂട്ടിംഗ്, റിവർ ക്രോസിംഗ്, നെറ്റ് വാക്ക്, മൗണ്ടൻ ബൈക്കിംഗ്, പെഡൽ ബോട്ടിംഗ് തുടങ്ങിയ ഇനങ്ങൾ നിലവിലുണ്ട്.രാവിലെ 9ന് എത്തുന്ന സഞ്ചാരികൾക്ക് രാത്രി 8 വരെ കേന്ദ്രത്തിൽ ചെലവഴിക്കാം.
ബോട്ടിംഗ് ഉൾപ്പെടെ ഒരു ദിവസത്തെ പാക്കേജ് 480 രൂപ മാത്രമാണ്. കുട്ടികൾക്ക് 360.ബോട്ടിംഗ് ഇല്ലാതെ 355.കുട്ടികൾക്ക് 310.