റാന്നി : എംസി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കൂടി കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി.
എം.സി റോഡുവഴിയുള്ള യാത്രക്ക് വലിയ സമയനഷ്ടം ഉണ്ടാകുന്നതിനാലും വര്‍ദ്ധിച്ച അപകട സാദ്ധ്യതകളുമാണ് പുതിയ യാത്രാ പാത കണ്ടെത്തുന്നതിന് കെഎസ്ആർടിസിയെ പ്രേരിപ്പിച്ചത്.
സംസ്ഥാന പാതയായ പുനലൂര്‍-പാലാ-മൂവാറ്റുപുഴ റോഡ് നവീകരണം അവസാന ഘട്ടത്തിലാണ്. പത്തനാപുരം-പുനലൂര്‍ ഭാഗം മാത്രമെ ഇനി റോഡ് പണി പൂര്‍ത്തീകരിക്കുവാനുള്ളൂ. വാഹന തിരക്ക് കുറഞ്ഞ റൂട്ടുമാണിത്. പുനലൂര്‍-പത്തനാപുരം – പത്തനംതിട്ട – റാന്നി – എരുമേലി- കാഞ്ഞിരപ്പള്ളി – ഈരാറ്റുപേട്ട -പാലാ -തൊടുപുഴ എന്നീ മലയോര മേഖലയിലെ ദീര്‍ഘ ദൂരയാത്രക്കാര്‍ക്ക് വളരെ സഹായകരമാകുന്ന തീരുമാനവുമാണ് ഇത്.
കഴിഞ്ഞ ആഴ്ച ആരംഭിച്ച തിരുവനന്തപുരം – ഗുരുവായൂര്‍ സര്‍വ്വീസ് വിജയമായതോടെയാണ് ഇതുവഴി കൂടുതല്‍ സര്‍വ്വീസിന് നടപടി ആയത്. സെപ്തംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന തിരുവനന്തപുരം – കല്പറ്റ സർവീസോടെ ഇതുവഴിയുള്ള സർവീസുകൾക്ക് തുടക്കമാകും. റിസര്‍വേഷന്‍ സൗകര്യത്തോടെയാണ് പുതിയ സര്‍വ്വീസുകള്‍ എല്ലാം.