ആറുമാസം ഗര്‍ഭമുള്ളപ്പോഴാണ് അവള്‍ ജയിലിലായത്. അങ്ങനെ ജയിലില്‍ കഴിയുന്നതിനിടെയാണ് ഒരു നാള്‍ അവള്‍ക്ക് പ്രസവവേദന വന്നത്. തുടര്‍ന്ന് ജയില്‍ അധികൃതരെ അവര്‍ വിവരമറിയിച്ചു. പക്ഷേ, രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് അവളുടെ ആവശ്യം അവര്‍ പരിഗണിച്ചത്. മണിക്കൂറുകള്‍ വൈകി അവരവളെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിക്ക് സ്റ്റാര്‍ ബക്‌സ് ഔട്ട്‌ലറ്റില്‍ വണ്ടി നിര്‍ത്തി ഭക്ഷണം കഴിച്ച ശേഷമാണ് അവരവളെ ആശുപത്രിയില്‍ കൊണ്ടുപോയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വിഷാദ രോഗത്തിന് അടിമയായ അവള്‍ ജയിലില്‍ കഴിയുന്നതിനിടെ തന്നെ കോടതിയെ സമീപിച്ചു. എന്നാല്‍, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് കോടതി കേസ് തള്ളി. എന്നാല്‍, അവള്‍ വിട്ടുകൊടുത്തില്ല. നിയമപോരാട്ടം തുടര്‍ന്നു. ഇപ്പോള്‍ അവളുടെ പരാതി കോടതിക്ക് പുറത്ത് വന്‍ തുക നല്‍കി ഒത്തുതീര്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് അധികൃതര്‍. 480,000 ഡോളര്‍ (3.9 കോടി രൂപ) നഷ്ടപരിഹാരം നല്‍കാനാണ് ധാരണയായത്.
അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് സംഭവം. ഒാറഞ്ച് കൗണ്ടി ജയിലില്‍ കഴിയുന്നതിനിടെ സ്വന്തം കുഞ്ഞ് നഷ്ടപ്പെട്ട ഓറഞ്ച് കൗണ്ടി നിവാസിയായ സാന്ദ്ര ക്വിനോന്‍സിനാണ് വന്‍ തുക നഷ്ടപരിഹാരമായി ലഭിക്കുന്നത്. അധികൃതരുടെ അനാസ്ഥ കാരണം സ്വന്തം കുഞ്ഞിനെ നഷ്ടപ്പെട്ട അവള്‍ നടത്തിയ നിയമപോരാട്ടത്തിനെ തുടര്‍ന്നാണ് അധികൃതര്‍ മുട്ടുമടക്കിയത്.
2016-നായിരുന്നു കേസിന് ആസ്പദമായ സംഭവം. ആറു മാസം ഗര്‍ഭിണി ആയിരിക്കവെയാണ് ഒരു കേസില്‍ സാന്ദ്ര അകത്തായത്. വീടില്ലാതെ തെരുവില്‍ കഴിഞ്ഞിരുന്ന അവള്‍ ഏറെ പീഡനങ്ങള്‍ സഹിച്ചാണ് കഴിഞ്ഞിരുന്നത്. അതിനിടെയാണ് അവള്‍ ഒരു കേസില്‍ അകപ്പെട്ടത്. അങ്ങനെ ജയിലില്‍ കഴിയുന്നതിനിടെ അവള്‍ക്ക് പ്രസവവേദന വരികയും സെല്ലില്‍നിന്നും ജയില്‍ ജീവനക്കാരെ പലവട്ടം ഇക്കാര്യം അറിയിക്കാന്‍ വിളിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ ഫോണ്‍ എടുത്തതേയില്ല. രണ്ടര മണിക്കൂര്‍ കഴിഞ്ഞാണ് അവര്‍ ഫോണ്‍ എടുത്തത്. അതിനു ശേഷം അവളെ അവര്‍ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍, നേരെ ആശുപത്രിയില്‍ പോവുന്നതിന് പകരം കൂടെ ഉണ്ടായിരുന്ന ജയില്‍ ഉദ്യോഗസ്ഥര്‍ വഴിയിലെ ഒരു കടയില്‍ നിര്‍ത്തി ഭക്ഷണം കഴിച്ച് സാവകാശമാണ് പോയത്. അവിടെ എത്തിയപ്പോഴേക്കും രക്തം വാര്‍ന്ന് അവള്‍ അവശനിലയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അവളുടെ കുഞ്ഞ് മരിച്ചു. അതിനു ശേഷം കടുത്ത വിഷാദത്തിലൂടെയാണ് അവള്‍ കടന്നുപോയത്.
തുടര്‍ന്ന് ജയില്‍ മോചിതയായ അവള്‍ മൂന്നര വര്‍ഷത്തിനു ശേഷം കോടതിയെ സമീപിച്ചത്. എന്നാല്‍, നിലവിലുള്ള നിയമപ്രകാരം സംഭവം നടന്ന് രണ്ട് വര്‍ഷത്തിനുള്ളിലെങ്കിലും കോടതിയെ സമീപിക്കണമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതി അവളുടെ പരാതി തള്ളിക്കളഞ്ഞു. എന്നാല്‍, അവള്‍ നിയമപോരാട്ടം തുടര്‍ന്നു. ഇതോടെ ജയില്‍ അധികൃതര്‍ കുറ്റക്കാരാണെന്ന വിധത്തിലേക്ക് കാര്യങ്ങള്‍ മാറി. തുടര്‍ന്നാണ് കൗണ്ടി സൂപ്പര്‍വൈസേഴ്‌സ് ബോര്‍ഡ് അവള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചത്. ഇത്രയും തുക നല്‍കി പരാതി ഒത്തുതീര്‍പ്പാക്കാന്‍ ഓറഞ്ച് കൗണ്ടി സൂര്‍പ്പര്‍വൈസേഴ്‌സ് ബോര്‍ഡ് അംഗീകാരം നല്‍കിയത്.