NEWS

പത്തനംതിട്ടയിലും കോട്ടയത്തും മിന്നൽ പ്രളയം

ത്തനംതിട്ട: കാലാവസ്‌ഥാ പ്രവചനങ്ങൾ കാറ്റിൽ പറത്തി ഞായറാഴ്‌ച രാത്രി ഉണ്ടായ കനത്തമഴയിൽ പത്തനംതിട്ട കോട്ടയം ജില്ലകളിൽ  മിന്നല്‍ പ്രളയം.
റോഡുകളിലും കടകളിലും വെള്ളം കയറി. ഗതാഗതം സ്‌തംഭിച്ചു. ഒറ്റരാത്രി കൊണ്ട്‌ പത്തനംതിട്ട നഗരത്തില്‍ സ്‌റ്റേഡിയം ജങ്‌ഷന്‍, താഴേവെട്ടിപ്രം, ചുങ്കപ്പാറ ജങ്‌ഷന്‍, തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ്‌ വെള്ളം കയറിയതും വെള്ളക്കെട്ട്‌ രൂപം കൊണ്ടതും.
കയറിയ വെള്ളം പെട്ടെന്ന്‌ ഇറങ്ങിയെങ്കിലും വ്യാപാരികള്‍ക്ക്‌ നാശനഷ്‌ടം നേരിട്ടു.
കഴിഞ്ഞ ദിവസങ്ങളിലെ കാലാവസ്‌ഥാ പ്രവചനങ്ങളിലൊന്നും ജില്ലയ്‌ക്ക്‌ അലെര്‍ട്ട്‌ ഉണ്ടായിരുന്നില്ല.
രാത്രി 11 മണിയോടെ ആരംഭിച്ച മഴയ്ക്ക് രാവിലെ ഏഴു മണിയോടെയാണ്‌ നേരിയ തോതിലെങ്കിലും ശമനം വന്നത്‌. ഈ സമയത്തിനുള്ളിൽ ചുങ്കപ്പാറ ടൗൺ വെള്ളത്തിൽ മുങ്ങിയിരുന്നു.പത്തനംതിട്ട ടൗണിന്റെ പ്രാന്തപ്രദേശങ്ങളിലും വെള്ളം ഇരമ്ബിയെയത്തി. വെട്ടിപ്പുറത്ത്‌ പോലീസ്‌ ക്വാര്‍ട്ടേഴ്‌സ്‌, എസ്‌.പി ഓഫീസിന്‌ മുന്നിലെ റോഡ്‌ എന്നിവിടങ്ങളില്‍ വെള്ളം ശരവേഗത്തില്‍ ഉയര്‍ന്നു. ജെ.സി.ബി കൊണ്ടു വന്ന്‌ പോലീസ്‌ ക്വാര്‍ട്ടേഴ്‌സിന്‌ മുന്നിലെ മതില്‍ പൊളിച്ചു മാറ്റിയാണ്‌ വെള്ളം ഒഴുക്കി കളഞ്ഞത്‌.
പത്തനംതിട്ട,കോഴഞ്ചേരി, നാരങ്ങാനം, മല്ലപ്പള്ളി, റാന്നി, അയിരൂർ എന്നിവിടങ്ങളിലാണ്‌ കൂടുതല്‍ മഴ പെയ്‌തത്‌.മല്ലപ്പള്ളി താലൂക്കില്‍ കോട്ടാങ്ങല്‍ വില്ലേജില്‍ പല വീടുകളിലും കടകളിലും വെള്ളം കയറി. കാര്‍ പോര്‍ച്ചില്‍ കിടന്ന കാര്‍ ഒഴുകി പോയി തോട്ടില്‍ പതിച്ചു.തക്കസമയത്ത്‌ നാട്ടുകാര്‍ ഇടപെട്ട്‌ വടം കെട്ടി ഉറപ്പിച്ചതിനാല്‍ കാര്‍ ഒലിച്ചു കൂടുതല്‍ ദൂരത്തേക്ക്‌ പോയില്ല.
കോട്ടയം പാമ്പാടിയിൽ ആറ് മണിക്കൂര്‍ കൊണ്ട് മാത്രം പെയ്തത് 117 മില്ലി മീറ്റര്‍ മഴയാണ്.രാത്രി ഒരു മണിയോടെ ആരംഭിച്ച മഴ പുലര്‍ച്ചെ ആറ് മണി വരെ തുടര്‍ന്നു.ഇതോടെ കൈ തോടുകളോട് ചേര്‍ന്ന പ്രദേശങ്ങളിലും, താഴ്ന്ന ഭാഗങ്ങളിലും വെള്ളം കയറി.
സൗത്ത്‌ പാമ്ബാടി, വത്തിക്കാന്‍, മാന്തുരുത്തി, കൂരോപ്പട ഒറവയ്ക്കല്‍, കറുകച്ചാൽ  എന്നിവിടങ്ങളിലും നിരവധി വീടുകളില്‍ വെള്ളം കയറി.കെ.കെ.റോഡില്‍ പല ഭാഗത്തും ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്.ചേന്നം പള്ളി, കാളചന്ത ഭാഗങ്ങളില്‍ വെള്ളം കയറിയതോടെ ഗതാഗത തടസം നേരിട്ടിരുന്നു.

Back to top button
error: