അന്നൊക്കെ തൊടിയിലും പാടവരമ്പത്തുമൊക്കെയായി നിറയെ പൂക്കളുണ്ടായിരുന്നു.പുൽപ്പടർപ്പിൽ ഹൃദ്യമായ മന്ദഹാസത്തോടെ ‘എന്നെയിറുത്തോളൂ’ എന്ന് മാടിവിളിച്ചുകൊണ്ട് തലയാട്ടി നിൽക്കുന്ന നിരവധി പൂക്കൾ..!
ഇന്ന് പുക്കളെവിടെ..?! പൂക്കളമെവിടെ..?!! അതിന് പൂത്തറയെവിടെ..?!!! മുറ്റംപോലും കോൺക്രീറ്റ് ചെയ്തു കെട്ടുന്ന വീടുകൾ..!! വീടുകളുടെ സ്ഥാനത്ത് മാനംമുട്ടെ ഉയരുന്ന ഫ്ളാറ്റുകളും..!!!
പിറന്നുവീണ വീടും പിച്ചവച്ച മുറ്റവും നിറയെ പൂക്കളുള്ള വിശാലമായ തൊടിയുമെല്ലാം ഇന്ന് ഓർമ്മകളിൽ മാത്രം ഗൾഫ് പണത്തിൽ അതെല്ലാം തച്ചുടയ്ക്കപ്പെട്ടു ഊഞ്ഞാലാടിയതും ഉപ്പേരി കൊറിച്ചതും തെങ്ങിന്റെ ഇളമ്പോലകൊണ്ടുണ്ടാക്കിയ പന്തുവച്ച് തലപ്പന്ത് കളിച്ചതും വള്ളംകളി കാണാൻ പോയതുമുൾപ്പടെ അങ്ങനെ പലതും ഓണക്കാലത്തെ ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളാണ്.ഇതിൽ പലതും കോവിഡ് എന്ന മഹാമാരിക്കു മുന്നിൽ ഇന്ന് താൽക്കാലികമായെങ്കിലും ഇല്ലാതെയുമായിരിക്കുന്നു.
ഓണമെത്തുമ്പോൾ പഴമക്കാരുടെ മനസ്സിൽ തെളിഞ്ഞു വരുന്ന രണ്ടു പൂക്കളാണ് തുമ്പപ്പൂവും മുക്കൂറ്റിപ്പൂവും.ഇന്നും നമ്മുടെ തൊടികളിലും വഴിയോരങ്ങളിലുമൊക്കെയായി ഇത് ധാരാളം കാണപ്പെടാറുണ്ടെങ്കിലും ആർക്കും വേണ്ടാത്ത സ്ഥിതിയാണുള്ളത് മലയാളി മറന്നുപോയ പൂക്കൾ എന്നു വേണമെങ്കിൽ പറയാം.അല്ലെങ്കിൽ മഹാബലി ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതുപോലെ നാം തന്നെ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് ചവിട്ടി അരച്ചുകളഞ്ഞ പൂക്കൾ..! തുമ്പപ്പൂ,മുക്കൂറ്റി,തുളസി, ചെമ്പരത്തി,കണ്ണാന്തളിപ്പൂവ്..ഇവയൊക്കെയായിരുന്നു പണ്ടത്തെ ഓണപ്പൂക്കൾ.
മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന പൂക്കൾ വാങ്ങി നാം പൂക്കളം ഇടാൻ തുടങ്ങിയതോടെയാണ് ഈ പൂക്കൾ നമ്മുടെ കണ്ണുകളിൽ നിന്നും മനസ്സുകളിൽ നിന്നുമൊക്കെ അപ്രത്യക്ഷമാകാൻ തുടങ്ങിയതും.ഡിണ്ടിഗല്ലിലെയും തോവാളയിലെയും പൂക്കളാണല്ലോ ഇന്നത്തെ നമ്മുടെ ഓണത്തിന്റെ ഭംഗി! മുറ്റം ചെത്തി മിനുക്കി പൂക്കളമിടുന്ന കാലവും എങ്ങോ പോയി മറഞ്ഞു.
കേരളത്തിന്റെ ദേശിയോത്സവമായ ഓണവുമായി അഭേദ്യമായ ബന്ധമാണ് തുമ്പപ്പൂവിനുള്ളത്.അതുകൊണ്ടു തന്നെ “ഓണപ്പൂ” എന്ന വിളിപ്പേരും തുമ്പപ്പൂവിനുണ്ട്.പരിശുദ്ധിയുടെയും ലാളിത്യത്തിന്റെയും പ്രതീകമാണ് തുമ്പപ്പൂവ്.തുമ്പ,കരിതുമ്പ,പെരുതുമ്പ.. എന്നിങ്ങനെ മൂന്നു തരത്തിൽ ഈ ചെടി കാണപ്പെടുന്നു.തുമ്പയുടെ ഇലയും വേരുമെല്ലാം ഔഷധമാണ്.പണ്ട് തുമ്പപ്പൂവ് ഇല്ലാത്ത ഓണപ്പൂക്കളം മലയാളികൾക്ക് അന്യമായിരുന്നു.
തെങ്ങിന്റെ വളരെ ചെറിയ പതിപ്പുപോലെ തോന്നിക്കുന്ന ഒരു സസ്യമാണ് മുക്കൂറ്റി.നമ്മുടെ പാതയോരങ്ങളിലും പറമ്പുകളിലും ഇപ്പോഴും ഇവ ധാരാളമായി കാണാറുണ്ട്.ഒരു ആയുർവേദ ഔഷധമായ മുക്കൂറ്റി ദശപുഷ്പങ്ങളിൽ ഒന്നുമാണ്.മഞ്ഞ നിറത്തിലുള്ള ചെറിയ പൂക്കളാണ് ഇവയുടേത്.
കേരളത്തിലെ ഓരോ പ്രദേശങ്ങളിലും പൂക്കളമൊരുക്കുന്ന രീതികളിൽ വ്യത്യാസമുണ്ട്.ചിങ്ങത്തിലെ അത്തം നാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. പരമ്പരാഗതമായ രീതി പ്രകാരം, അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു.
ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. അതാണ് അത്തപ്പൂക്കളത്തിനു പിന്നിലെ പഴയകാല രീതി. ചോതി നാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ എന്നും പഴമക്കാർ പറയാറുണ്ട്. ഒന്നാം ഓണമായ ഉത്രാട നാളിലാണ് പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുക. മൂലം നാളിൽ ചതുരാകൃതിയിൽ വേണം പൂക്കളം ഒരുക്കേണ്ടത് എന്നും വിശ്വാസമുണ്ട്.
അതേ സമയം, ചിലയിടങ്ങളിൽ ഒരു നിറത്തിലുള്ള പൂവിൽ തുടങ്ങുന്ന പൂക്കളം പത്താം നാൾ ആവുമ്പോഴേക്കും പത്തു നിറത്തിലുള്ള പൂക്കളാൽ വർണാഭമാവും. ചാണകം മെഴുകിയ നിലത്തോ, മണ്ണുകൊണ്ട് നിർമ്മിക്കുന്ന പൂത്തറയിലോ പൂക്കളമിടുന്ന രീതിയും നിലവിലുണ്ട്. ഒന്നാം ഓണം മുതൽ നാലാം ഓണം വരെ നീളുന്ന ദിവസങ്ങളിൽ പൂക്കളത്തിനു ചുറ്റും അരിമാവു കൊണ്ട് കോലം വരച്ചും തൃക്കാക്കരപ്പനെ പ്രതിഷ്ഠിച്ചും പൂക്കളമൊരുക്കുന്നവരും ഉണ്ട്. കുടുംബത്തിലെ തലമുതിർന്നയാൾ ഓണം നാളുകളിൽ നിത്യം തൃക്കാക്കരയപ്പനെ പൂജിക്കുന്ന രീതിയും നിലവിലുണ്ട്.
അത്തം മുതൽ തിരുവോണം വരെ പത്തു ദിവസങ്ങളിലാണ് വീട്ടുമുറ്റത്ത് പൂക്കളമൊരുക്കുന്നത്.ജാതിഭേദമന്യേ കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളും തങ്ങളുടെ വീട്ടുമുറ്റത്ത് ഓണത്തിനോടനുബന്ധിച്ച് അത്തപ്പൂക്കളം ഇടാറുണ്ട്.