വിയ്യൂര്‍ അതിസുരക്ഷ ജയിലില്‍ പ്രിസണ്‍ ഓഫിസറുടെ കാല് ചവിട്ടിയൊടിച്ച സംഭവത്തില്‍ അസി. പ്രിസണ്‍ ഓഫിസര്‍ക്ക് സസ്പെന്ഷന്. പ്രിസണ്‍ ഓഫിസറും അസി. ഓഫിസറും തമ്മിലെ വാക്കേറ്റമാണ് കഴിഞ്ഞദിവസം ഏറ്റുമുട്ടലിലെത്തിയത്. പ്രിസണ്‍ ഓഫിസര്‍ ടി.ഡി അശോകിന്റെ കാല് അസി. പ്രിസണ്‍ ഓഫിസര്‍ കെ. രാജേഷ് ചവിട്ടിയൊടിച്ചെന്നാണ് പരാതി. കാലില്‍ പ്ലാസ്റ്ററിട്ട അശോക് കുമാര്‍ ആശുപത്രിയിലാണ്. മൂക്കിന്റെ പാലത്തിനും പരിക്കുണ്ട്.
അവധിയെ ചൊല്ലിയുള്ള തര്‍ക്കമാണ് ഉദ്യോഗസ്ഥര്‍ തമ്മില്‍ ഏറ്റുമുട്ടാന്‍ കാരണമെന്നാണ് പറയുന്നത്. കഴിഞ്ഞ മാസം എറണാകുളം ജില്ല ജയിലില്‍നിന്ന് സ്ഥലം മാറിയെത്തിയതാണ് പ്രിസണ്‍ ഓഫിസര്‍ ടി.ഡി അശോക് കുമാര്‍. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ഒരുമാസം മുമ്പാണ് കെ. രാജേഷിനെ ഇവിടേക്ക് നിയമിച്ചത്.
രാജേഷ് മൂന്നുദിവസം അവധി ആവശ്യപ്പെട്ടത് അനുവദിക്കാനാവില്ലെന്ന് അറിയിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. പരാതിയില്‍ വിയ്യൂര്‍ പൊലീസ് കേസെടുത്തു. രാജേഷിനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്നും കടുത്ത അച്ചടക്ക നടപടിയുണ്ടാവുമെന്നും വകുപ്പ് അധികൃതര്‍ അറിയിച്ചു.
മാവോവാദി തടവുകാരടക്കം 180 പേരാണ് അതിസുരക്ഷ ജയിലിലുള്ളത്. 34 പേര് വേണ്ടിടത്ത് 21 പേരെ വെച്ചാണ് ജയില്‍ പ്രവര്‍ത്തനം. ഇതില്‍തന്നെ 10ല്‍ താഴെ ആളുകളാണ് പ്രതിദിനം ഡ്യൂട്ടിയിലുണ്ടാവുക. അധിക ജോലിഭാരത്താല്‍ വിയര്‍ക്കുകയാണ് ജീവനക്കാരെന്നും കടുത്ത സമ്മര്‍ദമാണ് ഇവര്‍ നേരിടുന്നതെന്നും ജയിലധികൃതര്‍ പറയുന്നു.