ദുബൈ: യുഎഇയില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഓഗസ്റ്റ് 29 തിങ്കളാഴ്ച തുടക്കമാവും. കൊവിഡ് കാലത്തെ പ്രതിസന്ധികള്‍ നീങ്ങി, ഏതാണ്ടെല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞ ശേഷമുള്ള അക്കാദമിക വര്‍ഷത്തിനാണ് നാളെ തുടക്കം കുറിക്കാന്‍ പോകുന്നത്. പത്ത് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ സ്കൂളുകളിലേക്ക് മടങ്ങിയെത്തുമെന്നാണ് കണക്ക്.
പുതിയ അദ്ധ്യയന വര്‍ഷത്തേക്ക് ബാധകമായ കൊവിഡ് പ്രതിരോധ നിബന്ധനകള്‍ കഴിഞ്ഞയാഴ്ച അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ വിവരിച്ചിരുന്നു. നിശ്ചിത ഇടവേളകളില്‍ കൊവിഡ് പരിശോധന വേണമെന്നും സ്കൂള്‍ ബസുകളില്‍ ഉള്‍പ്പെടെ സാമൂഹിക അകലം പാലിക്കണമെന്നും നിഷ്കര്‍ശിച്ചിരുന്ന നേരത്തെയുണ്ടായിരുന്ന നിബന്ധനകള്‍ ഇത്തവണ എടുത്തുകളഞ്ഞിട്ടുണ്ട്.
ആരോഗ്യപരമായ കാരണങ്ങളാല്‍ കൊവിഡിനെതിരായ പ്രതിരോധ വാക്സിന് സ്വീകരിക്കാത്തവര്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികളും ഈ വര്‍ഷം നേരിട്ട് സ്കൂളുകളില്‍ എത്തണം. ആദ്യം ദിവസം എത്തുമ്പോള്‍ 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിസിആര്‍ പരിശോധനാ ഫലം കൊണ്ടുവരണം. എന്നാല്‍ ദുബൈയിലെ സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ കൊവിഡ് പരിശോധന നടത്തേണ്ടതില്ല.
പുതിയ നിബന്ധനകള്‍ പ്രകാരം കൊവിഡ് പരിശോധനയില്‍ പോസിറ്റാവായവര്‍ക്ക് വീടുകളിലിരുന്ന പഠനം തുടരാം. അതേസമയം ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ രോഗലക്ഷണങ്ങളോ പ്രകടമാവുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം തെരഞ്ഞെടുക്കാം. ഇവര്‍ പി.സി.ആര് പരിശോധന നടത്തണം. പരിശോധനാ ഫലം വരുന്നത് വരെ പഠനം ഓണ്‍ലൈന്‍ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകും.
അതേസമയം ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ അറിയിപ്പ് പ്രകാരം കൊവിഡ് സ്ഥിരീകരിച്ചവരുമായി അടുത്ത സമ്പര്‍ക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് രോഗലക്ഷണങ്ങളുള്ളവര്‍ക്കും പരിശോധന നടത്തി ഫലം കാത്തിരിക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ പഠനം തെരഞ്ഞെടുക്കാം.