തിരുവനന്തപുരം: ആധാർ – വോട്ടർ പട്ടിക ബന്ധിപ്പിക്കുന്നതിന് സാധാരണക്കാരെ സഹായിക്കാൻ ബൂത്ത് ലെവൽ ഓഫീസർമാർ വീടുകളിലേക്ക് എത്തും. ഇതുമായി ബന്ധപ്പെട്ട് ആളുകൾക്കുള്ള സംശയവും ബിഎൽഒമാർ ദൂരികരിക്കും. ഓൺലൈൻ വഴി ബന്ധിപ്പിക്കാൻ സാധിക്കാത്തവർക്ക് ഉൾപ്പെടെ ബിഎൽഒ മാരെ ആശ്രയിക്കാം. ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിക്കലിനായി ആധാർ നമ്പറും വോട്ടർ ഐഡി നമ്പറുമാണ് ആവശ്യം.
ബിഎൽഒമാർ ഭവന സന്ദർശനം ആരംഭിച്ച സാഹചര്യത്തിൽ എല്ലാവരും രേഖകൾ കൈയ്യിൽ കരുതിയിരിക്കുന്നത് നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. ബിഎൽഒ മാരുടെ സഹായം കൂടാതെ ആളുകൾക്ക് സ്വന്തം നിലയിലും ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാവുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.nvsp.in എന്ന വെബ്സൈറ്റ് വഴിയോ വോട്ടർ ഹെൽപ്പ്ലൈൻ ആപ്പ് വഴിയോ ഫോറം 6ബി പൂരിപ്പിച്ചും ആധാർ ലിങ്ക് ചെയ്യാവുന്നതാണ്.
ആധാർ – വോട്ടർ പട്ടിക ബന്ധിപ്പിക്കലിനായി സംസ്ഥാനത്ത് എല്ലാ കളക്ട്രേറ്റുകളും താലൂക്ക് ഓഫീസുകളും മറ്റ് സർക്കാർ ഓഫീസുകളും കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്ക്കുകളും ആരംഭിച്ചിട്ടുണ്ട്. വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കുക, വോട്ടർ പട്ടികയിലെ ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടർപ്പട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ആധാർ – വോട്ടർ പട്ടിക ബന്ധിപ്പിക്കലിലൂടെ ലക്ഷ്യമിടുന്നത്. ഈ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അഭ്യർത്ഥിച്ചു.