തിരുവനന്തപുരം; റോട്ടറി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് വേണ്ടി ആരംഭിച്ച റോപ്പ് പദ്ധതിയിലൂടെ ലഭ്യമാക്കുന്ന ആൽകോ സ്കാൻ വാൻ കേരള പോലീസിന് കൈമാറുന്നു.
ലഹരി ഉപയോഗിച്ചുള്ള വാഹനം ഓടിക്കുന്നത് കാരണം സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടങ്ങളെ തടയുന്നതിന് വേണ്ടിയുള്ള പോലീസിന്റെ പരിശോധനയ്ക്ക് സഹായകരമാകുന്നതാണ് ആൽകോ സ്കാൻ വാൻ. പോലീസ് വാഹന പരിശോധന നടത്തുന്ന സമയം തന്നെ മയക്ക് മരുന്ന് ഉൾപ്പെടെയുള്ള ലഹരി ഉപയോഗിച്ചുവോ എന്നുള്ള പരിശോധന മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേഗത്തിൽ പരിശോധിക്കാനാകും. പരിശോധിക്കുന്ന ആളിന്റെ സ്വകാര്യതയ്ക്ക് തടസമുണ്ടാകാത്ത രീതിയിൽ ഉമിനീരിൽ നിന്നും നിമിഷങ്ങൾക്കകം തന്നെ ഉപയോഗിച്ച ലഹരി പദാർത്ഥത്തെ വേഗത്തിൽ തിരിച്ചറിയുവാനും പോലീസിന് വേഗത്തിൽ മറ്റു നടപടികൾ സ്വീകരിക്കാനുമാകും. ഉമിനീര് ഉപയോഗിച്ചുള്ള പരിശോധന രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പാക്കുന്നത്.
വിദേശ രാജ്യങ്ങളിൽ പോലീസ് ഉപയോഗിക്കുന്ന ഈ വാഹനത്തിനും മെഷീനും ചേർത്ത് ഒന്നിന് 50 ലക്ഷം രൂപയാണ് വില. റോട്ടറിയുടെ സാമൂഹിക സേവന പദ്ധതിയുടെ ഭാഗമായി 2021-22 റോട്ടറി വർഷത്തെ ഡിസ്റ്റ്രിക്റ്റ് 3211 ന്റെ ഡിസിക്ട് ഗവർണ്ണർ കെ ശ്രീനിവാസന്റെ നേതൃത്വത്തിൽ കഴക്കൂട്ടം, ഗ്രേയ്റ്റർ ഹരിപ്പാട് എന്നീ റോട്ടറി ക്ളബ്ബുകളുടെ സംയുക്ത സഹായത്താലാണ് കേരള പോലീസിന് സൗജന്യമായാണ് ഈ ബസ് നൽകുന്നത്. ഈ സാമ്പത്തിക വർഷം തന്നെ ഇത്തരത്തിലുള്ള 15 വാനുകളും റോപ്പ് കേരള പോലീസിന് കൈമാറും