കൊടകര (തൃശൂര്‍): വീട്ടമ്മയെ മകന്‍ കൊലപ്പെടുത്തിയ സംഭവത്തിനിടയാക്കിയത് വീടുവിറ്റ പണത്തെ സംബന്ധിച്ചുള്ള തര്‍ക്കമെന്നു പോലീസ്. കിഴക്കേ കോടാലി കൊള്ളിക്കുന്നില്‍ വാടകയ്ക്കു താമസിക്കുന്ന ഉപ്പുഴി വീട്ടില്‍ ശോഭന (54) ആണ് കഴിഞ്ഞദിവസം കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അമ്മയെ കഴുത്തുഞെരിച്ചും ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലയ്ക്കടിച്ചുമാണ് പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
താളൂപ്പാടത്തെ ഇവരുടെ 11 സെന്റ് ഭൂമിയും വീടും എട്ടു ലക്ഷം രൂപയ്ക്ക് വിറ്റിരുന്നു. ഇതില്‍ രണ്ടരലക്ഷം രൂപ വിഷ്ണുവിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. ഈ തുക പിന്നീട് ശോഭന സ്വന്തം പേരിലേക്ക് മാറ്റിയതാണ് വിഷ്ണുവിനെ പ്രകോപിപ്പിച്ചത്. ഇതേചൊല്ലി വീട്ടില്‍ വന്‍ വാക്കുതര്‍ക്കം ഉണ്ടായി. ഇതിനിടെ വിഷ്ണു കഴുത്ത് ഞെരിച്ചതോടെ ശോഭ ബോധരഹിതയായി വീണെന്നും ഇതിനുശേഷം മരണം ഉറപ്പിക്കാന്‍ തലയില്‍ ഗാസ് സിലിണ്ടര്‍ കൊണ്ടടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
വീടു വില്‍ക്കുംമുമ്പ് വിഷ്ണു അമ്മയുമായി വളരെ അടുപ്പത്തിലായിരുന്നു. വിഷ്ണുവിന്റെ കൈവിരലില്‍ പച്ചകുത്തിയിരുന്നത് അമ്മ എന്നായിരുന്നു. മകനും അമ്മയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഇല്ലായിരുന്നെന്ന് അച്ഛന്‍ ചാത്തൂട്ടിയും സഹോദരി മാലതിയും പറഞ്ഞു. ടോറസ് ലോറി ഡ്രൈവറായ വിഷ്ണു ലഹരിക്ക് അടിമയാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.
കൊലപാതകവേളയില്‍ വീട്ടില്‍ ബഹളമോ ഉച്ചത്തിലുള്ള സംസാരമോ കേട്ടിട്ടില്ലെന്നു അയല്‍ക്കാര്‍ വിശദീകരിച്ചു. കൊലയ്ക്കുശേഷം െവെകിട്ട് നാലുമണിയോടെ വിഷ്ണു വെള്ളിക്കുളങ്ങര പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. അവിടെയെത്തി ഏറെ നേരം ഒന്നും പറയാതെ ഇരുന്നു. ഷര്‍ട്ടിലെ ചോരക്കറ കണ്ട് പോലീസ് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ കാര്യം പറയുന്നത്. ഉദ്യോഗസ്ഥര്‍ വാടക വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് നാട്ടുകാരും അയല്‍ക്കാരും വിവരം അറിയുന്നത്.
ഇന്നലെ രാവിലെ ഫോറന്‍സിക് വിദഗ്ധര്‍ ശോഭനയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പരിശോധനയില്‍ 2.30 ലക്ഷം രൂപയുടെ നോട്ടുകെട്ട് കണ്ടെത്തി. രണ്ടു ലക്ഷം രൂപയാണ് ബാങ്കില്‍നിന്നു പിന്‍വലിച്ചത്. ചാലക്കുടി ഡിെവെ.എസ്.പി: സി.ആര്‍. സന്തോഷ്, കൊടകര എസ്.എച്ച്.ഒ: ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി.
സ്‌പെഷല്‍ ബ്രാഞ്ച് ഡിെവെ.എസ.്പിയും പരിശോധന നടത്തി. ശോഭനയുടെ മൃതദേഹം രാവിലെ ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജിലെത്തിച്ചു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വടൂക്കര ശ്മശാനത്തില്‍ സംസ്‌കരിച്ചു.