ഹരിപ്പാട്: വിവാഹ വാര്‍ഷികദിനത്തില്‍ ഭാര്യയ്ക്ക് സമ്മാനവുമായി പോകവേ അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം വെട്ടുതുരുത്തില് ശശി-പൊന്നമ്മ ദമ്പതികളുടെ മകന് രാകേഷാ(35)ണ് മരിച്ചത്.
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നു രാകേഷ്. വിവാഹ വാര്‍ഷിക ദിനമായതിനാല്‍ ഭാര്യയ്ക്കുള്ള സമ്മാനവുമായി പോകുന്ന 21 ന് വൈകിട്ട് തൃക്കുന്നപ്പുഴ മൂത്തേരില്‍ ജങ്ഷന് തെക്കുവശത്തായിരുന്നു അപകടം. ബൈക്കില്‍ പോവുകയായിരുന്ന രാകേഷിനെ ഇന്‍സുലേറ്റഡ് വാന്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി.
തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ രാകേഷിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടം ഉണ്ടാക്കിയ വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യ: മാലിനി. മക്കള്‍: ആദ്യനാഥ്, ആദിദേവ്. സഹോദരന്: കലേഷ്.