KeralaNEWS

വിഴിഞ്ഞം തുറമുഖം: ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി

കൊച്ചി: അടുത്ത കാലത്ത് കോവളം, ശംഖുമുഖം, പൂന്തുറ, വലിയതുറ തുടങ്ങിയ തീരങ്ങളിലുണ്ടായിട്ടുള്ള നാശനഷ്ടങ്ങള്‍ അതിഭീമമാണെന്നും വിഴിഞ്ഞം തുറമുഖ നിര്‍മാണത്തില്‍ പഠനം വേണമെന്നും ആവശ്യം.

വിഴിഞ്ഞം തുറമുഖനിര്‍മാണത്തിന്റെ ഫലമായുണ്ടായ തീരശോഷണവും പ്രത്യാഘാതങ്ങളും സംബന്ധിച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് കേരള ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയാണ് ആവശ്യപ്പെട്ടത്.

Signature-ad

തീരത്തെ നാശനഷ്ടത്തിനു കാരണം തുറമുഖ നിര്‍മാണമാണെന്ന് തീരദേശസമൂഹം അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ വിശ്വസിക്കുന്നു. 64 ചതുരശ്ര കിലോമീറ്റര്‍ തീരം നഷ്ടമായതായി തിരുവനന്തപുരത്തെ എം.പിയും വ്യക്തമാക്കിയിട്ടുണ്ട്. ഹരിത ട്രിബ്യൂണലിന്റെ ഉത്തരവുപ്രകാരം പോര്‍ട്ട് കരാറുകാരുടെ സഹായത്തോടെ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വാസയോഗ്യമല്ല.

കണ്‍മുന്നില്‍ വിനാശകരമായ തീരനഷ്ടം സംഭവിക്കുമ്പോള്‍ ഈ റിപ്പോര്‍ട്ടുകളില്‍ യാഥാര്‍ത്ഥ്യം പ്രതിഫലിക്കുന്നില്ലെന്നും മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. അതുകൊണ്ട് പ്രത്യാഘാതങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.

ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതി അദ്ധ്യക്ഷന്‍ ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്തമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഡോ. തോമസ് നെറ്റോ, മെത്രാന്മാരായ ഡോ. വിന്‍സന്റ് സാമുവല്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തേന്‍, ഡോ. പോള്‍ ആന്റണി മുല്ലശേരി, ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍, ഡോ. ജോസഫ് കാരിക്കശേരി, ഡോ. പീറ്റര്‍ അബീര്‍, ഡോ. വര്‍ഗീസ് ചക്കാലക്കല്‍, ഡോ. അലക്‌സ് വടക്കുംതല, ഡോ. ജയിംസ് ആനാപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Back to top button
error: