കണ്ണൂര്‍: കാപ്പ ചുമത്താതിരിക്കാനുള്ള കാരണം ബോധ്യപ്പെടുത്താന്‍ ഡി.ഐ.ജി: രാഹുല്‍ ആര്‍. നായര്‍ അയച്ച നോട്ടീസിന് മറുപടി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ്. പോലീസ് സംരക്ഷണയിലാണ് താന്‍ കഴിയുന്നതെന്നും എങ്ങനെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്നും ഡി.ഐ.ജിക്ക് അയച്ച മറുപടിയില്‍ ഫര്‍സീന്‍ ചോദിച്ചു.
ഈ പശ്ചാത്തലത്തില്‍ കാപ്പ ചുമത്താനുള്ള നടപടികളില്‍നിന്ന് പിന്മാറണമെന്നും ഫര്‍സീന്‍ ആവശ്യപ്പെട്ടു. 13 കേസുകളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അഭിഭാഷകന്‍ മുഖേന ഫര്‍സീന്‍ മറുപടി നല്‍കിയത്. മട്ടന്നൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരേ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടെയാണ് കാപ്പ നീക്കം.
ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണെന്നും ഇയാളെ ജില്ലയില്‍നിന്നു നാടുകടത്തണമെന്നുമാണ് ആവശ്യം. കാപ്പ നിയമത്തിന്റെ പരിധിയില്‍ വരുന്ന നാല് കേസുകളുണ്ടെന്നും കാപ്പ ചുമത്തി നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍. ഇളങ്കോ ഡി.ഐ.ജി: രാഹുല്‍ ആര്‍. നായര്‍ക്ക് െകെമാറിയിരുന്നു.